കൊച്ചി : ചേരാനല്ലൂരിൽ 55 കാരനെ 17 കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ പിതാവായ ജഡ്ജിയ്ക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യുണൽ ചുമതലയുള്ള അഡീഷണൽ ജില്ലാ ജഡ്ജിയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് . സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തത് . പ്രതിയായ പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യത്തിൽ വിട്ടിരുന്നു.
പ്രായപൂർത്തിയാകാത്തവർ വാഹമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ ഉടമയ്ക്കെതിരെ കേസെടുക്കാമെന്ന മോട്ടോർ മോട്ടർ വാഹന നിയമത്തിലെ 199 എ(2) വകുപ്പു പ്രകാരമാണ് കേസ്. മൂന്നു വർഷത്തെ തടവും 25000 രൂപ പിഴയും വിധിക്കാവുന്നതാണ് ഈ വകുപ്പ്.
അതിനിടെ 17 കാരൻ വാഹമോടിച്ചിരുന്നത് മണിക്കൂറിൽ 100 കിലോമീറ്ററിന് മുകളിൽ വേഗതയിലായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് വ്യക്തമാക്കി. കേസ് ക്രൈംബ്രാഞ്ചിന് വിടാനും തീരുമാനിച്ചു. 17 കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് ജില്ലാ കോടതിയെ സമീപിക്കും . കേസിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നും കമ്മീഷണർ പറഞ്ഞു . കുട്ടിയുടെ ഫോണിൽ നിന്ന് വാഹനം 100 കിലോമീറ്ററിന് മുകളിൽ വേഗതയിലാണ് സഞ്ചരിച്ചതെന്ന് തെളിവ് ലഭിച്ചു. ഇതോടെ അമിത വേഗതയ്ക്കും, കുറ്റകരമായ നരഹത്യ വകുപ്പുകളും കൂടി ചുമത്തുകയായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

