രാഹുൽ ഈശ്വറിനെതിരെ വിമർശനവുമായി നടി ഹണിറോസ്. രാഹുലിന് ഭാഷയിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാകുന്നതെന്ന് ഹണിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ വരേണ്ടി വന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാമെന്നും ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘ താങ്കളുടെ ഭാഷയിലുള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ട് ഭാഗവും ഉണ്ടെങ്കിലേ ചർച്ചയ്ക്ക് പ്രസ്ക്തിയുള്ളൂ. അതുകൊണ്ട് തന്നെ രാഹുൽ ഉണ്ടെങ്കിൽ ആ പക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും . ചർച്ചകൾക്ക് രാഹുൽ എന്നും ഒരു മുതൽകൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തിൽപ്പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി . കാരണം അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ് കോഡ് ഉണ്ടാക്കിയേനെ . കാരണം സ്ത്രീകളെ ഏത് വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ , ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസിലായത് . എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടി വന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം ‘ ഹണി റോസ് പറഞ്ഞു.
ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ഹണി റോസിനെതിരെ രാഹുൽ രംഗത്ത് വന്നിരുന്നു. ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ തെറ്റില്ല എന്നും അവർ തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയെന്നുമായിരുന്നു രാഹുലിന്റെ വിമർശനം.