ചെന്നൈ : നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ. ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും , ശസ്ത്രക്രിയ നടത്തിയതായും മകളും നടിയുമായ സുഹാസിനി ഹാസൻ അറിയിച്ചു.
ഇത്തവണ ദീപാവലി ആഘോഷങ്ങൾ നടന്നത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നുവെന്ന് കാട്ടി പിതാവിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സുഹാസിനി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.
ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പായി എന്താണ് പറയാനുള്ളതെന്ന് പിതാവിനോട് ചോദിക്കുന്ന വീഡിയോയും സുഹാസിനി പങ്കുവച്ചിരുന്നു. തന്റെ ഭാര്യയ്ക്കുള്ള മറുപടിയാണ് ചാരുഹാസൻ വീഡിയോയിലൂടെ നൽകിയത്. ‘ ഞാൻ സുഖമായി ഇരിക്കുന്നു. ശസ്ത്രക്രിയ്ക്ക് വിധേയനാകാൻ ഞാൻ തയ്യാറാണ്. ഞാൻ തിരിച്ചു വരും.”- ചാരുഹാസൻ പറഞ്ഞു.
ഇതിനു പിന്നാലെ സുഹാസിനി പങ്കുവച്ച മറ്റൊരു ചിത്രത്തിൽ ശസ്ത്രക്രിയ വിജയകരമായി നടന്നെന്നും പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറിച്ചു. സിനിമാ താരങ്ങളായ ആർ മാധവൻ, ഖുഷ്ബു സുന്ദർ തുടങ്ങി നിരവധി താരങ്ങൾ ആശംസ അറിയിച്ച് എത്തിയിരുന്നു . നടൻ കമൽഹാസന്റെ സഹോദരനാണ് ചാരുഹാസൻ .