മലയാളി നെഞ്ചിലേറ്റിയ ഫാന്റസി ചിത്രമാണ് മണിച്ചിത്രത്താഴ് . സണ്ണിയും, നാഗവല്ലിയും, ഗംഗയും മാത്രമല്ല നകുലനും, ഭാര്യയ്ക്കും വേണ്ടി ഭ്രാന്തിയാകാൻ തയ്യാറായ ശ്രീദേവിയും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട കഥാപാത്രം തന്നെ . വിടർന്ന കണ്ണുകളും, ചെറുപുഞ്ചിരിയുമായി മാടമ്പള്ളിയിലെ ശ്രീദേവിയായി എത്തിയത് കന്നട നടി വിനയപ്രസാദാണ് . താരത്തിന്റെ ജീവിതത്തിലെ വിയോഗങ്ങളും പ്രതിസന്ധികളും പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.വിനയപ്രസാദ്. ഈ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്നത് ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയെയാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
‘ ആ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ തന്റെ ക്യാരക്ടർ തീരെ ചെറുതാണെന്നും, അത് ശ്രദ്ധിക്കപ്പെടുമോയെന്നുമായിരുന്നു വിനയപ്രസാദിന്റെ സംശയം . എന്നാൽ ‘ക്യാരക്ടർ ചെറുതാണെങ്കിലും ഇംപാക്ട് ലോങ് ലാസ്റ്റിങ് ആയിരിക്കും’ എന്നായിരുന്നു അതിന് ഫാസിൽ നൽകിയ മറുപടി.
ചിത്രത്തിന്റെ റിലീസ് കഴിഞ്ഞപ്പോൾ അത് അക്ഷരംപ്രതി ശരിയായി ഭവിച്ചു. വാസ്തവത്തിൽ ശ്രീദേവി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടി സിത്താരയെ ആയിരുന്നു. നടൻ സൗബിന്റെ പിതാവായ ബാബു ഷാഹിറും ഫാസിലിന്റെ സഹോദരീപുത്രൻ ഷാജിയും ചേർന്നാണ് സിത്താരയെ കണ്ട് സമ്മതം വാങ്ങിയത്.
എന്നാൽ സിത്താര ചോദിച്ച പ്രതിഫലം നായികയായ ശോഭനയേക്കാൾ കൂടുതലായതിനാൽ അവരെ ഒഴിവാക്കുകയായിരുന്നു; ഭീമമായ തുക ചോദിക്കാൻ അവരെ പ്രേരിപ്പിച്ചത് ക്യാമറാമാൻ വിപിൻ ദാസാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് ശ്രീദേവിക്കായുള്ള തിരച്ചിലിനിടയിൽ മോഹൻലാൽ തന്നെയാണ് വിനയപ്രസാദിനെ ശുപാർശ ചെയ്തത്. ബെംഗളൂരിലെ ഒരു മലയാളി അസോസിയേഷൻ പരിപാടിക്കിടെയാണ് ലാൽ അവരെ പരിചയപ്പെടുന്നത്. ‘മണിച്ചിത്രത്താഴി’ന്റെ കഥയും പാട്ടുമൊക്കെ ചിട്ടപ്പെടുത്തുന്ന സമയത്ത് പലപ്പോഴും ഞാനും പാച്ചിക്കയോടൊപ്പം (ഫാസിൽ) ഉണ്ടായിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോൾ ശ്രീദേവി ആരായിരിക്കും എന്ന ആകാംക്ഷ മോഹൻലാലിന്റെ മനസ്സിലും തോന്നിയിരിക്കാം.
കർണാടകയിലെ ഉടുപ്പി സ്വദേശിനിയായ വിനയ ഭട്ട്, എഡിറ്ററായ പ്രസാദിനെ വിവാഹം കഴിച്ച ശേഷമാണ് വിനയപ്രസാദ് ആയി മാറിയത്.’മണിച്ചിത്രത്താഴി’ന്റെ ചിത്രീകരണം തൃപ്പൂണിത്തറ പാലസിലും പത്മനാപുരം കൊട്ടാരത്തിലുമായിരുന്നു. ഈ കൊട്ടാരങ്ങൾ ഷൂട്ടിങിനായി വിട്ടു കിട്ടാൻ അന്നത്തെ മന്ത്രി ടി.എം. ജേക്കബ് സഹായിച്ചു.സെറ്റിൽ വിനയപ്രസാദിന് വലിയ ആശ്വാസമായത് ശോഭനയുടെ സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു.
‘മണിച്ചിത്രത്താഴി’ലെ ശ്രീദേവി പോലെ തന്നെ ‘സ്ത്രീ’ എന്ന സീരിയലിലെ ഇന്ദുവും അവർക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഗാന്ധിജിയുടെ ചെറുമകന്റെ ഭാര്യ സരസ്വതി ഗാന്ധി പോലും സീരിയലിലെ ഇന്ദുവിന്റെ വിവാഹകാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ശ്രീകണ്ഠൻ നായരെ വിളിച്ച സംഭവം രസകരമാണ്. എന്നാൽ അവരുടെ ജീവിതത്തിൽ ചില ട്രാജഡികൾ സംഭവിച്ചു. ഏഴു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ, വിനയപ്രസാദിന് 28 വയസ്സുള്ളപ്പോൾ ഭർത്താവ് അകാലത്തിൽ അന്തരിച്ചു. എന്നാൽ തളർന്നിരിക്കാതെ നാലാം ദിവസം തന്നെ അവർ ഷൂട്ടിങിനു പോയി. അത് പലരും വിമർശിച്ചെങ്കിലും, കരഞ്ഞിരുന്നാൽ ജീവിതം മുന്നോട്ട് പോകില്ലെന്ന പ്രായോഗിക ബുദ്ധിയാണ് അവർ കാണിച്ചത്.
പിന്നീട് മകൾക്ക് 14 വയസ്സുള്ളപ്പോൾ അവർ ജ്യോതിപ്രകാശിനെ വിവാഹം കഴിച്ചു. തന്റെ പേരിനൊപ്പമുള്ള ആദ്യ ഭർത്താവിന്റെ പേര് മാറ്റാൻ നിർബന്ധിക്കാത്ത ജ്യോതിപ്രകാശ് നല്ലൊരു മനസ്സിന് ഉടമയാണ്. ഇന്ന് 60 വയസ്സ് പിന്നിട്ടിട്ടും സൗന്ദര്യത്തിന് മാറ്റു കുറയാതെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അവർ ഒരു അമ്മൂമ്മ കൂടിയാണെന്നും.” ആലപ്പി അഷ്റഫ് പറയുന്നു.

