തിരുവനന്തപുരം: വി ശിവൻകുട്ടി ഇരട്ടപ്പൂട്ടിട്ട് പൂട്ടി എന്ന് അവകാശപ്പെട്ട ബിജെപിയുടെ നേമത്തെ അക്കൗണ്ട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആധികാരികമായി വീണ്ടും തുറന്നു. മൂവായിരത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ വി ശിവൻകുട്ടിയെ തറ പറ്റിച്ചത്.
നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇരട്ടപ്പൂട്ടിട്ട് പൂട്ടി എന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് വി ശിവൻകുട്ടിയുടെ അവകാശവാദം. നേമത്തെ ബിജെപിയുടെ ജയസാദ്ധ്യത ഇല്ലാതെയാക്കാൻ എസ് ഡി പി ഐയും ശിവൻകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ വർഗ്ഗീയ ധ്രുവീകരണത്തെയും മറികടന്നാണ് രാജീവ് ചന്ദ്രശേഖർ വിജയം നേടിയിരിക്കുന്നത്.
ഈ വിജയം മണ്ഡലത്തിലെ വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മുദ്രാവാക്യത്തെ നേമത്തെ വോട്ടർമാർ ഏറ്റെടുത്തു. അതിന് അവരോട് നന്ദി പറയുന്നു. വോട്ടർമാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് ജനങ്ങളുടെ സേവകനായി പ്രവർത്തനം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

