ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് എംകെ സ്റ്റാലിൻ. ഭരണം നഷ്ടമായെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു. ടിവികെ സ്ഥാനാർത്ഥി വി.എസ് ബാബുവിനോടാണ് സ്റ്റാലിൻ പരാജയം ഏറ്റുവാങ്ങിയത്.
കൊളത്തൂരിൽ നിന്നായിരുന്നു ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയും ആയ എംകെ സ്റ്റാലിൻ മത്സരിച്ചത്. 2021 ലെ തിരഞ്ഞെടുപ്പിലും ഇത് തന്നെ ആയിരുന്നു തട്ടകം. അന്ന് 70,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു സ്റ്റാലിന്റെ വിജയം. ഇതേ മണ്ഡലത്തിലാണ് ഇക്കുറി കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്.
തമിഴ്നാട്ടിൽ വോട്ടെണ്ണൽ ആരംഭിച്ച മണിക്കൂറുകളിൽ ഡിഎംകെയ്ക്ക് ആയിരുന്നു മുൻതൂക്കം. എന്നാൽ പിന്നീട് വിധി മാറി മറിയുകയായിരുന്നു. ടിവികെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചതോടെ ഡിഎംകെ രണ്ടാമതായി. ഉച്ചയോടെ ഡിഎംകെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഉപമുഖ്യമന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും കനത്ത തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. ചെപ്പോക്ക് തിരുവള്ളിക്കേനി മണ്ഡലത്തിൽ നിന്നാണ് ഉദയനിധി സ്റ്റാലിൻ ജനവിധി തേടിയത്. ഉച്ചവരെ ടിവികെ സ്ഥാനാർത്ഥിയ്ക്ക് പിന്നിൽ ആയിരുന്നു ഉദയനിധി. പിന്നീട് ഭൂരിപക്ഷം ഉയർത്തുകയായിരുന്നു. അതേസമയം വിജയം മനസിൽ കണ്ട ഡിഎംകെ പ്രവർത്തകർ രാവിലെ തന്നെ വിജയാഘോഷത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് പന്തലുകൾ ഉൾപ്പെടെ അഴിച്ചുമാറ്റുകയായിരുന്നു.

