കണ്ണൂർ : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന് മല്‍സരിച്ച വി.കുഞ്ഞികൃഷ്ണന് വിജയം . എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ മധുസൂദനനെയാണ് കുഞ്ഞിക്കൃഷ്ണൻ പരാജയപ്പെടുത്തിയത്. 7,487 വോട്ടിന്റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
കഴിഞ്ഞ തവണ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മധുസൂദനൻ ജയിച്ച മണ്ഡലമാണിത് . പാർട്ടി നേതൃത്വം മാറി ചിന്തിക്കണമെന്ന കുഞ്ഞിക്കൃഷ്ണന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്ന സാഹചര്യമാണിത്. 2016 ൽ കൊല്ലപ്പെട്ട ധനരാജ് എന്ന പ്രവർത്തകന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്ന വിവരമാണ് കുഞ്ഞിക്കൃഷ്ണൻ ജനങ്ങളെ അറിയിച്ചത്.
‘ പയ്യന്നൂർ എംഎൽഎ ടി എ മധുസൂധനൻ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തു. ഒരു കോടിയിലധികം രൂപ പിരിച്ചെടുത്ത് 46 ലക്ഷം രൂപ തട്ടിയെടുത്തു . തെളിവുകൾ സഹിതം ഞാൻ പാർട്ടിക്ക് പരാതി നൽകി. എന്നാൽ, നടപടിയെടുക്കാതെ പാർട്ടി തട്ടിപ്പ് മറച്ചുവച്ചു. പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തു. അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് തട്ടിപ്പ് ബോധ്യപ്പെടുത്തി. പിന്നീട് വന്ന എം വി ഗോവിന്ദനെ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തി. പയ്യന്നൂരിലെ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്കും അറിയാം.‘ എന്ന കുഞ്ഞിക്കൃഷ്ണന്റെ വാക്കുകൾ ഞെട്ടലോടെയാണ് പാർട്ടി പ്രവർത്തകരും കേട്ടത്. അതിന്റെ ഫലമാണ് പാർട്ടി കോട്ടയിൽ ഉണ്ടായ വിള്ളൽ .

