തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നു. ചാത്തന്നൂരിൽ താമര ചിഹ്നത്തിൽ മത്സരിച്ച ജനപ്രിയ നേതാവ് ബി ബി ഗോപകുമാർ അട്ടിമറി വിജയം നേടി. നാലായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിന് സിപിഐ സ്ഥാനാർത്ഥി അഡ്വക്കേറ്റ് ആർ രാജേന്ദ്രനെയാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ രണ്ട് തവണയും കടുത്ത പോരാട്ടത്തിനൊടുവിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഗോപകുമാർ ഇക്കുറി ആധികാരികമായ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയം ചാത്തന്നൂരിലെ സ്നേഹസമ്പന്നരായ ജനങ്ങൾക്ക് സമർപ്പിക്കുന്നതായി ഗോപകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വിജയത്തിൽ വലിയ സന്തോഷമുണ്ട്. ഇത് മണ്ഡലത്തിലെ ബിജെപി- സംഘപരിവാർ പ്രവർത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസനത്തിന്റെ രാഷ്ട്രീയമാണ് താൻ പിന്തുടരുന്നത്. ജനങ്ങളുടെ പ്രധാന സേവകനായി താൻ കേരള നിയമസഭയിൽ ഉണ്ടാകുമെന്നും ഗോപകുമാർ പറഞ്ഞു.

