തിരുവനന്തപുരം: വട്ടിയൂർക്കാവിൽ അവസാന നിമിഷം അപ്രതീക്ഷിത ട്വിസ്റ്റ്. എൽഡിഎഫിന്റെ വി.കെ പ്രശാന്തിനെ തോൽപ്പിച്ച് കെ. മുരളീധരൻ മണ്ഡലം പിടിച്ചെടുത്തു. ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷിയായ മണ്ഡലത്തിൽ 2,796 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ വിജയം നേടിയത്.
വോട്ടെണ്ണലിന്റെ അവസാന റൗണ്ടിൽ മുരളീധരനും പ്രശാന്തും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു നടന്നത്. അടിയ്ക്കടി ലീഡ് നില മാറിമറിഞ്ഞത് രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ആർ. ശ്രീലേഖയും മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത്.
അതേസമയം കേരളത്തിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ 40 സീറ്റുകളിൽ യുഡിഎഫ് വിജയം നേടിയിട്ടുണ്ട്. 60 സീറ്റുകളിൽ ലീഡ് തുടരുകയാണ്. അതേസമയം കനത്ത തിരിച്ചടിയാണ് എൽഡിഎഫിന് ഇക്കുറി ലഭിച്ചത്. കേവലം 15 സീറ്റുകളിൽ മാത്രം വിജയിച്ച എൽഡിഎഫ് 19 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

