ശബരിമല ശാസ്താവിന്റെ മണ്ണ് , പമ്പാനദിയുടെ കാറ്റേറ്റ് നിൽക്കുന്ന മനോഹരമായ ഭൂപ്രകൃതി അതാണ് റാന്നി. മുൻപ് ആദി ദ്രാവിഡർ ഇവിടെ അധിവസിച്ചിരുന്നതായും , തെക്കുംകൂർ രാജാവിന്റെ ബന്ധുക്കളായ റാന്നി കർത്താക്കളാണ് ഇവിടം ഭരിച്ചതെന്നുമാണ് പറയപ്പെടുന്നത് . ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേരുകളും ശബരിമലയുടേതും, റാന്നിയുടേതുമൊക്കെയാണ്.
റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണിത് .
1957 മുതൽ 1965 വരെ കോൺഗ്രസിന്റെ വയലാ ഇടിക്കുളയാണ് റാന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 1967 ൽ എം കെ ദിവാകരനും, 1970 ൽ ജേക്കബ് സഖറിയയും, 1977 ൽ കെ എ മാത്യൂവും, 1980 ൽ എം.സി. ചെറിയാനും,1982 ൽ സണ്ണി പനവേലിയും, 1986 റേച്ചൽ സണ്ണി പനവേലിയും, 1987 ൽ ഈപ്പൻ വർഗ്ഗീസും, 1991 ൽ എം.സി. ചെറിയാനും, 1996 ൽ രാജു ഏബ്രഹാമും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2001 മുതൽ 2016 വരെ രാജു ഏബ്രഹാമാണ് ഇവിടുന്ന് നിയമസഭയിൽ എത്തിയത് . 2021 ൽ എൽ ഡി എഫിന്റെ പ്രമോദ് നാരായണനും ജയിച്ചു. പ്രമോദ് നാരായണൻ ഏകദേശം 52,700 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി റിങ്കു ചെറിയാന് 51,400 വോട്ടുകൾ ലഭിച്ചു. വെറും 1,300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് മണ്ഡലം നിലനിർത്തിയത്.
ഇത്തവണ വീണ്ടും എല്‍.ഡി.എഫിന് വേണ്ടി പ്രമോദ് നാരായണ്‍ മത്സരിക്കുമ്പോള്‍ പഴകുളം മധുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എന്‍.ഡി.എ സ്ഥാനാര്‍ഥി തോമസ് കെ സാമുവേലാണ്. ഹൈന്ദവ, ക്രൈസ്തവ സമുദായങ്ങളുടെയും ഗോത്ര വിഭാഗങ്ങളുടെയും സമ്മിശ്ര സാന്നിധ്യം മണ്ഡലത്തിന്റെ പ്രത്യേകതയാണ്. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലമാണെങ്കിലും വന്യജീവി സംഘർഷം ഇവിടുത്തെ രാഷ്ട്രീയ വിധി മാറ്റാൻ കെൽപ്പുള്ള വിഷയമാണ്.
വന്യജീവി ആക്രമണവും ഭൂമി പ്രശ്നങ്ങളുമാണ് പ്രധാന വിഷയം. ശബരിമലയും റാന്നിക്കാർക്ക് ഇന്ന് അഭിമാനവിഷയം തന്നെ . അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് റാന്നി.

