പണ്ട് യുവരാജാവായിരുന്ന മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാർക്കെതിരെ പ്രക്ഷോഭം നയിച്ചിരുന്ന കാലം. ഒരിക്കല്‍ യാദൃശ്ചികമായി ശത്രുക്കൾക്ക് മുന്നിൽ അകപ്പെട്ട് പോയ അദ്ദേഹത്തെ എവിടെനിന്നോ വന്നൊരു ബാലൻ അടുത്തുകണ്ട പ്ലാവിലേയ്ക്ക് വിളിച്ചു കയറ്റി. അവിടെ ഒളിച്ചിരുന്ന മാർത്താണ്ഡവർമ്മ അങ്ങനെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത് ബാലനായി വന്ന് തന്നെ രക്ഷിച്ചത് ശ്രീകൃഷ്ണഭഗവാൻ തന്നെയാണെന്നാണ്. പിന്നീട് മാര്‍ത്താണ്ഡവര്‍മ തിരുവിതാകൂര്‍ മഹാരാജാവ് ആയ ശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെത്തി പ്ലാവിനെ പട്ടുചുറ്റി പൂജിച്ച് അമ്മച്ചിപ്ലാവെന്ന് നാമകരണം ചെയ്തു.
ഇന്നും അമ്മച്ചിപ്ലാവിന്റെ കഥ പറയുന്ന പഴമക്കാർ ഈ ദേശത്തുണ്ട്. ഒപ്പം മാർത്താണ്ഡവർമ്മയെ പോലെ അനീതിയ്ക്കെതിരെ പടപൊരുതുന്ന ജനതയുമുണ്ടിവിടെ . തങ്ങളെ ഭരിക്കുന്നവർ തികഞ്ഞ അർപ്പണബോധമുള്ളവരാകണമെന്ന് നൂറുവട്ടം ചിന്തിച്ച് ഉറപ്പിക്കുന്നവരാണ് നെയാറ്റിൻ കരക്കാർ.
നെയ്യാറ്റിൻകര നഗരസഭയും , അതിയന്നൂർ , കാരോട് , ചെങ്കൽ , കുളത്തൂർ , തിരുപുറം ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് നെയ്യാറ്റിൻകര നിയമസഭാമണ്ഡലം . 1957 ൽ സി.പി.ഐയുടെ ആർ. ജനാർദ്ദനൻ നായരാണ് ഇവിടെ നിന്ന് ആദ്യമായി ജനപ്രതിനിധിയായത്. 1960 ൽ പി.എസ്.പിയുടെ പി. നാരായണൻ തമ്പി ഇവിടെ ജയിച്ചു കയറി. 1965 ൽ കോൺഗ്രസിന്റെ ജി. ചന്ദ്രശേഖര പിള്ളയും, 67 ൽ കോൺഗ്രസിന്റെ ആർ. ഗോപാലകൃഷ്ണൻ നായരുമാണ് ജയിച്ചത് . 1970 ൽ ആർ. പരമേശ്വരൻ പിള്ള , 77 ലും , 80 ലും ആർ. സുന്ദരേശൻ നായർ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
82 ലും , 87 ലും എസ്.ആർ. തങ്കരാജും, 1991 മുതൽ 2001 വരെ തമ്പാനൂർ രവിയുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006 ൽ വിജെ തങ്കപ്പനെയാണ് മണ്ഡലം വിജയിപ്പിച്ചത്. 2011ൽ ആർ. ശെൽവരാജും , 2016 ലും , 2021 ലും കെ. ആൻസലനുമാണ് ജയിച്ചു കയറിയത്. ഇത്തവണയും ആൻസലൻ തന്നെയാണ് എൽ ഡിഎഫിന്റെ പോരാളി. കഴിഞ്ഞ തവണ ആൻസലൻ 63,531 വോട്ടുകൾ നേടിയാണ് മണ്ഡലം നിലനിർത്തിയത്. ഇത്തവണ എൻ.ശക്തൻ യു.ഡി.എഫിനായും, ചെങ്കൽ രാജശേഖരൻ എൻ ഡി എയ്ക്കായും മത്സരിക്കുന്നു.
യാത്രക്കാർ, ചെറുകിട വ്യാപാരികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, കർഷക കുടുംബങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവർ ചേരുന്നതാണ് ഇവിടുത്തെ വോട്ടർപട്ടിക. മഴക്കാലത്തെ ഓടകളിലെ വെള്ളക്കെട്ട്, വേനലിലെ കുടിവെള്ള ക്ഷാമം, റോഡുകളിലെ ഗതാഗതക്കുരുക്ക് എന്നിവ വോട്ടർമാരുടെ പ്രധാന പ്രശ്നങ്ങളാണ്. പറഞ്ഞ് പഴകിയ പ്രത്യയശാസ്ത്രങ്ങൾക്കല്ല , പകരം വരാനിരിക്കുന്ന വികസനങ്ങൾക്കാണ് നെയ്യാറ്റിൻ കരക്കാർ വോട്ട് ചെയ്യുന്നത് . ആ വോട്ട് നൽകുമ്പോൾ അവരുടെ വിശ്വാസം കൂടി കണക്കിലെടുക്കണമെന്ന് മാത്രം.

