പഠന കാലത്ത് ശ്രദ്ധയാകർഷിച്ചത് മാനവികത. പിന്നാലെ സംഘ പ്രസ്ഥാനത്തിലേക്ക്. അന്ന് മുതൽ ഇന്നുവരെ സുർജിത്ത് റാം പ്രസ്ഥാനത്തിനൊപ്പമുണ്ട്. ഇക്കാലം കൊണ്ട് നേടിയെടുത്ത രാഷ്ട്രീയ പരിജ്ഞാനം ആയുധമാക്കി ഇപ്പോഴിതാ സുർജിത്ത് റാം കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നു.
തളാപ്പ് ഡിവിഷനിലെ അഞ്ചാം വാർഡിലാണ് എൻഡിഎ സ്ഥാനാർത്ഥിയായി സുർജിത് റാം മത്സരിക്കുന്നത്. ലീഗിന്റെ കോട്ടയാണ് അഞ്ചാം വാർഡ്. ഈ കോട്ട തകർത്തെറിയുകയാണ് സുർജിത്തിന്റെ ലക്ഷ്യം.
ബിജെപി കണ്ണൂർ മണ്ഡലം ട്രഷറർ, ഹിന്ദു ഐക്യവേദിയുടെ കണ്ണൂർ താലൂക്ക് ജനറൽ സെക്രട്ടറി എന്നീ പദവികൾ മൂന്നര പതിറ്റാണ്ടിനിടെ വഹിക്കാനുള്ള ഭാഗ്യം സുർജിത്തിന് ലഭിച്ചു. ചാരിറ്റി പ്രവർത്തനങ്ങളിലും സജീവം. കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറിയാണ് സുർജിത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് വീൽചെയർ, മരുന്നുകൾ തുടങ്ങിയവ സംഭാവന ചെയ്തിട്ടുണ്ട്. നിരവധി രോഗികളുടെ ചികിത്സാ ചിലവും അദ്ദേഹം ഏറ്റെടുത്തു.
വിജയിച്ചാൽ കേന്ദ്രസർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തി നാട്ടിൽ സമഗ്രവികസനം നടപ്പിലാക്കുമെന്നാണ് സുർജിത്ത് വ്യക്തമാക്കുന്നത്. എന്നാൽ ഈ ആഗ്രഹം പൂവണിയണമെങ്കിൽ ജനപിന്തുണ വേണം. അഞ്ചാം വാർഡിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വെള്ളക്കെട്ട്.
പ്രധാന റോഡുകൾ ഉൾപ്പെടെയുള്ള പല റോഡുകളുടെയും അവസ്ഥ ശോചനീയമാണ്. ഇതിന് പരിഹാരം കാണുക എന്നതാണ് സുർജിത്തിന്റെ ആദ്യ ലക്ഷ്യം. വാർഡിലെ പല സ്ഥലങ്ങളിലും തെരുവ് വിളക്ക് സ്ഥാപിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. ഓരോ വോട്ടും വികസനമാകുമെന്നാണ് അദ്ദേഹം ജനങ്ങൾക്ക് കൊടുക്കുന്ന ഉറപ്പ്.

