തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി അത്താവലെ രാംദാസ് ബന്ദുവിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . അത്താവലെയുടെ പ്രസ്താവന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. “കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തിന് എതിരുമാണ്. കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല,” എം.വി. ഗോവിന്ദൻ പറഞ്ഞു.
ജമാഅത്ത് വേദി ജമാഅത്തെ ഇസ്ലാമിയുടെ വേദിയാണെന്ന് അറിയാതെയാണ് മന്ത്രിയും എംഎൽഎയും പങ്കെടുത്തതെന്നും ഗോവിന്ദൻ പറഞ്ഞു. “എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ചർച്ചകൾ നടക്കുന്നുണ്ട്. ഞങ്ങൾ അതൊന്നും ശ്രദ്ധിക്കില്ല. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പോകണമെന്നാണ് സിപിഎമ്മിന്റെ നിലപാട്,” എംവി ഗോവിന്ദൻ വ്യക്തമാക്കി.
കേന്ദ്രമന്ത്രി രാംദാസ് അതാവാലെ മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് ക്ഷണിച്ചിരുന്നു. “വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പിണറായി എൻഡിഎയ്ക്കൊപ്പം നിൽക്കണം. അദ്ദേഹം എൻഡിഎയ്ക്കൊപ്പം നിന്നാൽ തുടർ സർക്കാർ ഉണ്ടാകും,” അതാവാലെ കണ്ണൂരിൽ പറഞ്ഞു. എൻഡിഎയിൽ ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് കേരളത്തിന് ഗണ്യമായ കേന്ദ്ര ഫണ്ടും പ്രധാന വികസന പാക്കേജുകളും ലഭിക്കാൻ കാരണമാകുമെന്ന് അതാവാലെ അവകാശപ്പെട്ടിരുന്നു. ഇതാണ് എം വി ഗോവിന്ദനെ പ്രകോപിപ്പിച്ചത് .

