കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ . വടകരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഷിംജിതയെ കുന്ദമംഗലം കോടതിയിൽ എത്തിച്ചു. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് മഞ്ചേരി ജയിലിലേയ്ക്ക് മാറ്റി.
ഷിംജിതയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ് . ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളത്തൊടിയിലെ ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിതയ്ക്കെതിരെ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത് . ഷിംജിത രാജ്യം വിടുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പത്ത് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അവരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് സാധ്യത.

