കൊച്ചി: ശബരിമല സ്വർണ്ണ മോഷണക്കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. കേരളം , കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഈ നടപടി.
സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തതായും ഇത് സ്വർണ്ണക്കട്ടികളുടെ രൂപത്തിലാണെന്നും ഏജൻസി അറിയിച്ചു. പരിശോധനയ്ക്കിടെ സ്വർണ്ണം ചെമ്പായി തെറ്റായി ചിത്രീകരിച്ച രേഖകൾ കണ്ടെത്തിയതായും ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവുകളും ഇ.ഡി കസ്റ്റഡിയിലെടുത്തു. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി കൊച്ചി സോണൽ ഓഫീസിലെ ഇ.ഡി. ഉദ്യോഗസ്ഥർ ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ നടത്തിയ ഓപ്പറേഷന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങൾ.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജ്വല്ലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം. ദ്വാരപാലക വിഗ്രഹങ്ങളുടെ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ എന്നിവയുൾപ്പെടെ ക്ഷേത്രത്തിൽ നിന്നുള്ള പവിത്രമായ സ്വർണ്ണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ വെറും ചെമ്പ് പാളികളാണെന്ന് മനഃപൂർവ്വം രേഖപ്പെടുത്തിയിരുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട് .

