കോഴിക്കോട് : സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ സെറീന . കോഴിക്കോട് പ്രസ് ക്ലബ്ബിൽ വച്ച് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ സെറീനയെ പൊന്നാടയണിച്ച് ആദരിച്ചിരുന്നു. ഈ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
‘സത്യം പറഞ്ഞാൽ, ഞാനും ഒരു അതിജീവിതയാണ്. കേസ് പെട്ടെന്ന് പുറത്തുവന്നു. ജയേട്ടന് അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇല്ല. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തി കൂടിയാണ് അദ്ദേഹം .
എനിക്ക് ഒന്നേ പറയാനുള്ളൂ. പുരുഷന്മാരെ വിശ്വസിക്കാം, പക്ഷേ കുറച്ച് സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത്. ഈ കേസ് വന്നപ്പോൾ ഞാൻ പഠിച്ച പാഠം അതാണ്. എന്തെങ്കിലും കാര്യത്തിൽ ദേഷ്യപ്പെടുമ്പോൾ, പുരുഷന്മാരെ ജയിലിലടക്കാൻ ഇതുപോലുള്ള കള്ളക്കേസുകൾ ഫയൽ ചെയ്യുമ്പോൾ, അവർക്കും ഒരു കുടുംബമുണ്ടെന്ന് നിങ്ങൾ ഓർക്കണം.
നമ്മൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എന്ത് സംഭവിച്ചാലും സത്യം പുറത്തുവരും. ജയേട്ടൻ ഇത് ചെയ്തിട്ടില്ലെന്ന് എനിക്ക് ഏറ്റവും നന്നായി അറിയാം. എന്നും ഞാൻ ഒപ്പമുണ്ടാകും. എല്ലാ ആണുങ്ങൾക്കും എന്ത് സപ്പോർട്ടിനും ഞാൻ ഉണ്ടാകും ,” സെറീന പറഞ്ഞു.
കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് വന്നപ്പോൾ സെറീന ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്ത് ജാമ്യം നേടിയെന്നും രാഹുൽ ഈശ്വർ പരിപാടിയിൽ പറഞ്ഞു.

