ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥി. എന്നാലിപ്പോൾ എൻഡിഎയുടെ അമരക്കാരി. പക്വതയാർന്ന രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ഏവർക്കും സുപരിചിതമായ മുഖം. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ തലശ്ശേരി ടെമ്പിൾ ഡിവിഷനിൽ 48 ആം വാർഡിൽ ജനവിധി തേടുകയാണ് അർച്ചന.
ആദ്യകാലങ്ങളിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ മുന്നണിയോടും അർച്ചനയ്ക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ സ്വതന്ത്രയായി മത്സരിച്ചത്. 2010 ൽ ടെമ്പിൾ ഡിവിഷൻ 47ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്നു അർച്ചന. എന്നാൽ ഭാഗ്യം അർച്ചനയെ തുണച്ചില്ല.
നാളുകൾ പോകെ അർച്ചനയുടെ ചിന്തകളും കാഴ്ചപ്പാടുകളും മാറി. പതിയെ ദേശീയതയിലേക്ക് ആകൃഷ്ടയായ അർച്ചന 2015 ൽ ബിജെപിയിൽ ചേർന്നു. പിന്നീട് അങ്ങോട്ട് ബിജെപിയുടെ മുഖം ആയിരുന്നു അർച്ചന. ബിജെപിയുടെ ജില്ലാ സെക്രട്ടറി, ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ ഇക്കാലയളവിൽ വഹിക്കാനുള്ള ഭാഗ്യം അർച്ചനയ്ക്ക് ഉണ്ടായിട്ടുണ്ട്.
2005ൽ എൻഡിഎ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച വാർഡ് ആയിരുന്നു ടെമ്പിൾ 48ാം വാർഡ്. അഡ്വക്കേറ്റ് സുമോദ് ആയിരുന്നു എൻഡിഎയുടെ സ്ഥാനാർത്ഥി. എന്നാൽ 2010 ലെ തിരഞ്ഞെടുപ്പോടു കൂടി സ്ഥിതിമാറി. 48ാം വാർഡിൽ എൻഡിഎ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടി ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചു. ഇപ്പോൾ യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ് 48ാം വാർഡ്.
ഇത് നാലാം തവണയാണ് അർച്ചന തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ആദ്യം സ്വതന്ത്രയായും പിന്നീട് രണ്ട് വട്ടം എൻഡിഎ സ്ഥാനാർത്ഥിയായും മത്സരിച്ചു. എന്നാൽ ഇക്കുറി മത്സരത്തിന് ഇറങ്ങുമ്പോൾ കൃത്യമായ ലക്ഷ്യങ്ങൾ അർച്ചനയ്ക്കുണ്ട്. ഒരു ചാറ്റൽ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന പൊതുവഴികളാണ് വാർഡിൽ ഉള്ളത്. തെരുവ് നായ്ക്കളെ ഭയന്ന് ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യവും ജനങ്ങൾക്കുണ്ട്.
ഈ പ്രശ്നങ്ങൾക്ക് ജനങ്ങൾ പരാതിപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ ഇതുവരെ പരിഹാരം ആയില്ല. താൻ വിജയിച്ചാൽ ഇരു പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണുമെന്ന് മനസിൽ ഉറപ്പിച്ചാണ് ഇക്കുറി അർച്ചന തിരഞ്ഞെടുപ്പ് അങ്കത്തിൽ പയറ്റാൻ ഇറങ്ങിയിരിക്കുന്നത്. താൻ വിഭാവനം ചെയ്യുന്ന വികസന പദ്ധതികൾ നിറവേറ്റാൻ ടെമ്പിൾ ഡിവിഷനിലെ ജനങ്ങൾ തുണയ്ക്കും എന്നാണ് അർച്ചനയുടെ വിശ്വാസം.

