കേരളത്തിൽ മതസൗഹാർദ്ദം നിറഞ്ഞ പ്രദേശമെന്നാണ് പൊതുവെ തൃശൂർ ജില്ലയിലെ നാട്ടിക അറിയപ്പെടുന്നത് . അഞ്ഞൂറിലധികം വർഷത്തെ ചരിത്ര പാരമ്പര്യമുള്ള നാട്ടിക തീരദേശഗ്രാമപ്രദേശമാണ് . ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ മണ്ഡലം കൂടിയാണിത് . നാട്ടിക നിയോജക മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ സി.സി. മുകുന്ദന് സിപിഐ വിട്ട് ബിജെപി സ്ഥാനാര്‍ഥിയായതോടെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറി.
തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക .2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ ഏകദേശം 2,10,708 രജിസ്റ്റർ ചെയ്ത വോട്ടർമാരാണുണ്ടായിരുന്നത്.
1957 ൽ കോൺഗ്രസിന്റെ കെ എസ് അച്യുതനാണ് മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ചത് . 1960 ൽ കെ ടി അച്യുതനും എം എൽ എ ആയി. 1967 ൽ ടികെ കൃഷ്ണനും, 1970 ൽ വി കെ ഗോപിനാഥനും, 1977 ൽ പി കെ ഗോപാകൃഷ്ണനും ജയിച്ചു കയറി . 1982 ൽ സിദ്ധാർത്ഥൻ കാട്ടുങ്ങലാണ് ഇവിടെ നിന്ന് ജയിച്ചത്.
1987 മുതൽ 96 വരെ കൃഷ്ണൻ കണിയാം പറമ്പിലായിരുന്നു നാട്ടിക എം എൽ എ . 2001 മുതൽ 2006 വരെ ടി എൻ പ്രതാപനും, 2011 മുതൽ ഗീത ഗോപിയും ഇവിടെ നിന്ന് നിയമസഭയിലെത്തി . 2021 ൽ സിപിഐ സ്ഥാനാർത്ഥി സി സി മുകുന്ദനാണ് നാട്ടികയിൽ വിജയിച്ചത് . 72,930 വോട്ടുകൾ (47.49%) നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സുനിൽ ലാലൂരിന് 44,499 വോട്ടുകൾ ലഭിച്ചു. ഇത്തവണയും സിസി മുകുന്ദൻ അങ്കത്തിനുണ്ട് . എൻ ഡി എ സ്ഥാനാർത്ഥിയായാണെന്ന് മാത്രം .സുനിൽ ലാലൂരാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി . ഗീതാ ഗോപി എൽ ഡി എഫ് സ്ഥാനാർത്ഥിയായും രംഗത്തുണ്ട്.
കൃഷിയാണ് നാട്ടികയുടെ പ്രധാന വരുമാന സ്രോതസ് . പ്രവാസി വരുമാനം നാട്ടികയിലെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട് . ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ സാമ്പത്തിക ചലനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നത് . അടിസ്ഥാന സൗകര്യവികസനങ്ങൾ, റോഡ് ഗതാഗതം തുടങ്ങി കാർഷിക വിഭവങ്ങളുടെ വിലനിലവാരം വരെ ഇവിടെ വോട്ടർമാരെ ബാധിക്കുന്ന കാര്യങ്ങളാണ്. എല്ലാം കണക്കിലെടുത്താകും നാട്ടിക തങ്ങളുടെ തേരാളിയെ തെരഞ്ഞെടുക്കുന്നത് . നാട്ടികയിൽ ആര് കൊടിയുയർത്തുമെന്ന് അറിയാൻ കാത്തിരിക്കാം കുറച്ച് നാൾ കൂടി.

