കേരളത്തിലെ ഏറ്റവും ചെറിയ താലൂക്കുകളിൽ ഒന്നാണ് കുന്നത്തൂർ . വേണാടിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം പേറുന്നയിടം . കല്ലടയാറിന്റെ തീരത്തെ തികഞ്ഞ ഗ്രാമഭംഗി തുളുമ്പി നിൽക്കുന്ന പ്രദേശമാണിത്. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം.കൊല്ലം ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലം കൂടിയാണ് കുന്നത്തൂർ .
ഈഴവ,പുലയ സമുദായങ്ങൾ ഇവിടെ നിർണായക ശക്തിയാണ് .കോൺഗ്രസും ആർ.എസ്.പിയും മാറിമാറി പൊരുതിയ മണ്ഡലമാണിത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ആർ.എസ്.പിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കുന്നത്തൂർ.
1957 മുതൽ 60 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പി.ആർ. മാധവൻ പിള്ള, ആർ ഗോവിന്ദൻ എന്നിവരാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1960 മുതൽ 67 വരെ കോൺഗ്രസിന്റെ ജി. ചന്ദ്രശേഖരപിള്ളയും , കോൺഗ്രസിന്റെ പി.സി.ആദിച്ചനും ഇവിടെ നിന്ന് ജയിച്ചു. 67 ൽ കോൺഗ്രസിന്റെ കെ സി എസ് ശാസ്ത്രിയാണ് വിജയിച്ചത്. 1970 ൽ സത്യപാലനും, 77 മുതൽ 80 വരെ കല്ലട നാരായണനും, 82 ൽ കൊട്ടരക്കുഴി സുകുമാരനും ഇവിടെ നിന്ന് ജയിച്ചു.
1987 മുതൽ 96 വരെ ടി നാണുമാസ്റ്ററാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2001 മുതൽ കോവൂർ കുഞ്ഞുമോനാണ് ഇവിടുത്തെ തേരാളി. ആർ.എസ്.പി യു.ഡി.എഫിലേക്ക് മാറിയതോടെ, ആർ.എസ്.പി (ലെനിനിസ്റ്റ്) രൂപീകരിച്ച് എൽ.ഡി.എഫിനൊപ്പം നിന്ന കുഞ്ഞുമോൻ 2016ലും 2021ലും വിജയം ആവർത്തിച്ചു. എന്നാൽ, 2016ൽ 20529 വോട്ടിന്റെ വൻ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ 2021ൽ കേവലം 2790 വോട്ടുകളായി ചുരുങ്ങി
ഇത്തവണയും കോവൂർ കുഞ്ഞുമോൻ അങ്കത്തിനുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയായി ആർ.എസ്.പിയിലെ ഉല്ലാസ് കോവൂരും എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയുടെ രാജി പ്രസാദും മത്സരിക്കുന്നു. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ, മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം, കല്ലടയാറ്റിലെ പാലം നിർമ്മാണത്തിലെ അനിശ്ചിതത്വം, കശുവണ്ടി വ്യവസായ മേഖലയുടെ തകർച്ച ഇതൊക്കെ ഇവിടുത്തെ വോട്ടർമാരുടെ പ്രശ്നങ്ങളാണ്. പരിഹാരമുണ്ടാക്കാമെന്ന് വെറുതെ പറഞ്ഞാൽ പോര ഉണ്ടാകണം എന്നാണ് ഇവരുടെ ആവശ്യം . കുന്നത്തൂരിലെ വോട്ടർമാർ ആർക്കൊപ്പം നിൽക്കുമെന്ന് നമുക്കും നോക്കാം .

