കേരളത്തിൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് കോവളം . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായതു കൊണ്ട് തന്നെ വികസനത്തിന് മുൻതൂക്കം നൽകുന്ന ജനപ്രതിനിധികളെയാണ് കോവളത്തെ വോട്ടർമാർ എക്കാലവും തെരഞ്ഞെടുത്തിട്ടുള്ളത്.തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും; നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണിത്.
1965 ൽ എം കുഞ്ഞുകൃഷ്ണൻ നാടാരാണ് ഈ മണ്ഡലത്തെ ആദ്യമായി നിയമസഭയിൽ പ്രതിനിധീകരിച്ചത് . 1967 ൽ ജെ. കമലിയാസ് , 1970 ൽ എം കുഞ്ഞുകൃഷ്ണൻ നാടാർ, 1977 ൽ നീലലോഹിതദാസൻ നാടാർ , 1980 ൽ എം.ആർ. രഘുചന്ദ്രബാൽ , 1982 ൽ എൻ. ശക്തൻ നാടാർ, 1987 ൽ എ. നീലലോഹിതദാസൻ നാടാർ, 1991 ൽ ജോർജ് മാസ്കറിൻ , 1996 മുതൽ 2001 വരെ എ. നീലലോഹിതദാസൻ നാടാർ , 2006 ൽ ജോർജ് മെഴ്സിയർ , 2011 ൽ ജമീല പ്രകാശം , 2016 മുതൽ 2021 വരെ എം. വിൻസെന്റ് എന്നിവരാണ് കോവളത്തെ പ്രതിനിധീകരിച്ച് ഇതുവരെ നിയമസഭയിൽ എത്തിയത്.
2021-ലെ കടുത്ത പോരാട്ടത്തിൽ എം. വിൻസെന്റ് 74,868 വോട്ടുകൾ നേടി മണ്ഡലം നിലനിർത്തി. ജെഡിഎസിലെ നീലലോഹിതദാസൻ നാടാരെ 11,562 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഭഗത് റൂഫസാണ് ഇത്തവണ കോവളത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി.സിറ്റിംഗ് എംഎൽഎയായ എം. വിൻസെന്റ് തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി . എൻഡിഎ സ്ഥാനാർത്ഥിയായി ടി എൻ സുരേഷും കളത്തിലുണ്ട് .
തീരദേശമേഖലയായത് കൊണ്ട് തന്നെ കടൽ ഭിത്തി നിർമ്മാണം , മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, മണ്ണെണ്ണ സബ്സിഡി, തീരദേശ ഭവന പദ്ധതികൾ എന്നിവ വോട്ടിംഗിനെ സ്വാധീനിക്കും . രാഷ്ട്രീയസമവാക്യങ്ങൾ മാറി മറയുന്ന മണ്ഡലമാണ് കോവളം . എങ്കിലും ടൂറിസത്തിന്റെ അനന്തസാധ്യതകൾ തുറക്കാൻ സഹായിക്കുന്ന ജനപ്രതിനിധിയ്ക്കായി കാത്തിരിക്കുകയാണ് ഈ മണ്ഡലം.

