സുനീഷ് വി ശശിധരൻ
ശക്തമായ രാഷ്ട്രീയ പശ്ചാത്തലം, അതിനൊപ്പം സ്വന്തം ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന ഉറച്ച നിലപാടുകൾ, ഇതാണ് വിഷ്ണു അറയ്ക്കൽ എന്ന യുവ കമ്മ്യൂണിസ്റ്റ് നേതാവിനെ വ്യത്യസ്തനാക്കുന്നത്. ജനകീയ വിഷയങ്ങളിൽ നേരിന്റെയും നീതിയുടെയും പക്ഷത്ത് നിന്ന് ഏതറ്റം വരെയും പോരാടാനുള്ള ചങ്കൂറ്റം വിഷ്ണുവിനെ ജനങ്ങളുടെ പ്രിയങ്കരനാക്കുന്നു.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 21, അറയ്ക്കൽ വാർഡിൽ നിന്ന് അരിവാൾ നെൽക്കതിർ അടയാളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുകയാണ് വിഷ്ണു. ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന മാനവികതയുടെ കാവലാൾ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനായ വിഷ്ണു അറയ്ക്കൽ, തന്റെ നിലപാടുകളും വീക്ഷണങ്ങളും പങ്കുവെക്കുന്നു.
എന്താണ് താങ്കളുടെ വിദ്യാഭ്യാസ യോഗ്യത?
ബിരുദവും അധ്യാപക യോഗ്യതയും നേടിയിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നിട്ടുള്ളത്. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് പിന്നീടുള്ള പൊതുപ്രവർത്തനത്തിന് ഊർജം നൽകി.
സജീവ രാഷ്ട്രീയത്തിൽ വഹിച്ചുകൊണ്ടിരിക്കുന്ന ചുമതലകൾ എന്തൊക്കെയാണ്?
നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അറയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം ആയും എ ഐ വൈ എഫ് മേഖല സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.
സാമൂഹിക പ്രവർത്തന രംഗത്തെ അനുഭവസമ്പത്ത് ഒന്ന് വിശദീകരിക്കാമോ?
രാഷ്ട്രീയ പ്രവർത്തനത്തെക്കാൾ കൂടുതൽ താല്പര്യം സാമൂഹിക പ്രവർത്തനമാണ്. അതിന്റ ഭാഗമായി 35 വയസ്സിനുള്ളിൽ 53 പേർക്ക് രക്തം ദാനം ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഒരനുഭവമാണ്. കൊവിഡ് കാലത്ത് മരണമടഞ്ഞ വിവിധ മത വിഭാഗങ്ങളിൽ പെട്ട 11 പേരുടെ മൃതദ്ദേഹം സംസ്കരിക്കാൻ കഴിഞ്ഞത്, രോഗം പിടിപെട്ടവരെ ചേർത്ത് പിടിക്കാൻ കഴിഞ്ഞത്, ഇതെല്ലാം എന്റെ പൊതുപ്രവർത്തന ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളാണ്.
സംഘടനാതലത്തിൽ അല്ലാതെ നിലവിൽ വഹിച്ചുകൊണ്ടിരിക്കുന്ന ചുമതല?
നിലവിൽ അറയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
സഹകരണ ബാങ്കിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിലെ നേട്ടങ്ങൾ, അനുഭവങ്ങൾ?
അറയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പോലെ വലിയൊരു പ്രസ്ഥാനത്തിന്റെ ഭരണസമിതി അംഗമായി പ്രവർത്തിക്കുന്നതിന്റ അനുഭവ സമ്പത്ത് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ ജയസാധ്യത എങ്ങനെ വിലയിരുത്തുന്നു?
അറയ്ക്കൽ വാർഡിലെ പ്രബുദ്ധരായ വോട്ടർമാർ എന്നെ വിജയിപ്പിക്കും എന്നാണ് വിശ്വാസം. മുൻ ജനപ്രതിനിധി വാർഡിൽ നടത്തിയ വലിയ വികസന പ്രവർത്തനങ്ങൾ അതിന് സഹായകരമാണ്. വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്നതിൽ സംശയമില്ല.
എതിർ സ്ഥാനാർത്ഥികളെ എങ്ങനെ വിലയിരുത്തുന്നു? മത്സരത്തിന്റെ കാഠിന്യം എത്രത്തോളമായിരിക്കും?
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം കടന്നു വന്നവരാണ് എതിർ സ്ഥാനാർഥികൾ. എന്നെ സംബന്ധിച്ചിടത്തോളം, നിരന്തരം സാമൂഹിക പ്രവർത്തനമായും പൊതുപ്രവത്തനമായും ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യകത എനിക്ക് ഉണ്ടായിട്ടില്ല. ജനങ്ങൾ അത് അംഗീകരിക്കും എന്നാണ് ഞാൻ കരുതുന്നത്.
വാർഡിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം?
ഇടതു പക്ഷത്തിന് നല്ല അടിത്തറയുള്ള മണ്ണാണ് അറയ്ക്കൽ. എൽ ഡി എഫിന്റെ ജനപ്രതിനിധിയാണ് നിലവിൽ ഇവിടെയുള്ളത്.
തിരഞ്ഞെടുക്കപ്പെട്ടാൽ വാർഡിന് വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ?
നാടിന്റെ സമഗ്ര വികസനം ആണ് ലക്ഷ്യം. പ്രകൃതിരമണീയമായ മലമേൽ ടൂറിസം കേന്ദ്രം ഉൾപ്പെടുന്നതാണ് വാർഡ്. അതുകൊണ്ട് തന്നെ എം എൽ എയുടെ അടക്കം ഫണ്ടുകൾ വാർഡിൽ കൊണ്ടുവന്ന് ലോകം അറിയുന്ന ഒരു നടാക്കി മാറ്റാനുള്ള പരിശ്രമം ഉണ്ടാവും.

