കായലിന്റെയും , കയറിന്റെയും നാടാണ് ചിറയിൻ കീഴ് . ഇഴ ചേർത്തെടുത്ത സ്വപ്നങ്ങളുമായി ഈ മണ്ണിൽ നിന്നാണ് നിത്യഹരിതനായകനായ പ്രേം നസീറും,ഭരത് ഗോപിയുമൊക്കെ മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറിയത് . പ്രേം നസീറിനോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എന്നും അകലെയായിരുന്നു ചിറയിൻകീഴുകാർ . തൊഴിലാളി പ്രസ്ഥാനങ്ങളും, തൊഴിലാളി നേതാക്കളുമാണ് ഈ മണ്ണിന് രാഷ്ട്രീയനിറം നൽകുന്നത് .
ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചിറയിൻ കീഴ് നിയമസഭമണ്ഡലം .2011 മുതൽ 2021 വരെ എൽ.ഡി.എഫിന്റെ വി. ശശിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
പട്ടികജാതി സംവരണ മണ്ഡലമായ ചിറയിൻകീഴിന് വ്യത്യസ്തമായ ഒരു സാമൂഹിക ഘടനയാണുള്ളത്. വിവിധ വാർഡുകളിലായി ചിതറിക്കിടക്കുന്ന ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം സമൂഹങ്ങൾക്കൊപ്പം പട്ടികജാതി വോട്ടർമാരും ഒരു പ്രധാന വിഭാഗമാണ്
പരമ്പരാഗത തൊഴില്‍ മേഖലകൾക്ക് പ്രാധാന്യമുള്ള തീരദേശ മണ്ഡലമാണ് ചിറയിന്‍കീഴ്. 22 കിലോമീറ്റർ കടല്‍ത്തീരത്താലും വിശാലമായ കായല്‍പ്പരപ്പുകളാലും സമ്പന്നമാണ് മണ്ഡലം. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നിർണായക സ്വാധീനമുണ്ട്. ചിറയിൻകീഴ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസാണ്. ചിറയിൻകീഴിൽ പുതുമുഖമായ മനോജ് ഇടമനയാണ് എൽ ഡി എഫ് സ്ഥാനാർഥി .ബി എസ് അനൂപാണ് എൻ ഡി എ സ്ഥാനാർത്ഥി.
മണ്ഡലത്തിലെ റോഡ് അറ്റകുറ്റപ്പണി, മഴക്കാലത്തെ ഡ്രെയിനേജ് തടസങ്ങൾ, കുടിവെള്ള ക്ഷാമം, മാലിന്യ സംസ്കരണം എന്നിവ നിരന്തരമായ ആശങ്കകളായി തുടരുന്നു. വിനോദസഞ്ചാര മേഖലയിൽ അനന്തമായ സാധ്യതകളുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതിന് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ജനപ്രതിനിധിയെയാണ് ഇവർ കാത്തിരിക്കുന്നത് , അവരാകും ഇനി അങ്ങോട്ട് ചിറയിൻ കീഴിനെ നയിക്കുന്നത് .

