വേമ്പനാട്, കൈതപ്പുഴ, കുമ്പളങ്ങി കായലുകളാൽ ചുറ്റപ്പെട്ട ദ്വീപ് സമാനമായ പ്രദേശമാണ് അരൂർ . “അരയരുടെ ഊർ” എന്നത് ലോപിച്ചാണ് അരൂർ ആയതെന്നാണ് പറയപ്പെടുന്നത് . കേരള രാഷ്ട്രീയത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരേപോലെ സ്വാധീനമുള്ള മണ്ഡലമാണ് അരൂർ. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.
1982 മുതൽ 2001 വരെ ജെ എസ് എസിന്റെ കെ ആർ ഗൗരിയമ്മയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 2006 മുതൽ 2016 വരെ എ എം ആരിഫും , 2019 ൽ ഷാനിമോൾ ഉസ്മാനും, 2021 ൽ എൽ ഡി എഫിന്റെ ദലീമയും ഇവിടെ നിന്ന് എം എൽ എ ആയി.എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച ദലീമ 75,617 വോട്ടുകൾ നേടിയാണ് വിജയിച്ചത് . കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാനെയാണ് അവർ പരാജയപ്പെടുത്തിയത്. ഷാനിമോൾ ഉസ്മാന് 68,604 വോട്ടുകൾ ലഭിച്ചു .
എൽഡിഎഫിനുവേണ്ടി സിറ്റിംഗ് എംഎൽഎ ദലീമയും യുഡിഎഫിനുവേണ്ടി ഷാനിമോൾ ഉസ്മാനും തന്നെയാണ് ഇപ്രാവശ്യവും മത്സരത്തിനിറങ്ങുന്നത്. അഡ്വ. പിഎസ് ജ്യോതിസ് ആണ് എൻ ഡി എ സ്ഥാനാർഥി.
തീരദേശ കേരളത്തിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിൽ ഒന്നാണ് ഇപ്പോൾ ഇത്. രാഷ്ട്രീയമായി അതീവ ജാഗ്രത പുലർത്തുന്നവരാണ് ഇവിടുത്തെ വോട്ടർമാർ.ഈഴവ സമുദായം മണ്ഡലത്തിലെ ഒരു പ്രധാന ശക്തിയാണ്.
ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങൾക്ക് തീരദേശ മേഖലകളിൽ വലിയ സ്വാധീനമുണ്ട്.വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികൾ, റോഡ് വികസനം, ഹാർബർ സൗകര്യങ്ങൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ . മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയുന്നവർക്കാണ് ഇവിടുത്തെ വോട്ടെന്നാണ് ജനങ്ങൾ ഉറപ്പിച്ച് പറയുന്നതും . പടികയറി എത്തുന്ന വികസനങ്ങൾക്കായി കാത്തിരിക്കുകയാണിവർ .

