കലോത്സവങ്ങളും കലാസാംസ്കാരിക പരിപാടികളും നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും പൊതുസമൂഹത്തിനും പോലീസിനും ഒരേ പോലെ തലവേദന സൃഷ്ടിക്കുന്നവരാണ് ചെറിയ ഒരു വിഭാഗം സാമൂഹ്യവിരുദ്ധർ. ഭോജനശാലയിൽ കടന്ന് ഭക്ഷണത്തിന് കുറ്റം പറഞ്ഞ് പ്രശ്നമുണ്ടാക്കുക, പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന കുട്ടികൾക്ക് നേരെ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ഭാഷണവും നടത്തുക തുടങ്ങി പരിഷ്കൃത സമൂഹത്തിന്റെ സ്വാഭാവിക ഗമനത്തെ അപമാനിക്കുന്ന ഇത്തരം വികലമനസ്സുകളെ പലപ്പോഴും സംഘാടകരും നാട്ടുകാരും പോലീസും നിയമപരമായി കൈകാര്യം ചെയ്ത് നടപടികൾക്ക് വിധേയരക്കാറുണ്ട്.
എന്നാൽ, പൊതുസമൂഹത്തിൽ അനാവശ്യ പ്രിവിലേജ് ഉണ്ടെന്ന് സ്വയം പ്രഖ്യാപിച്ച് നാട്ടുകാരെ ഉപദേശിക്കുന്ന, റേറ്റിംഗിനും രാഷ്ട്രീയ താത്പര്യങ്ങൾക്കും വേണ്ടി സ്വയം മാധ്യമ ജഡ്ജി ചമഞ്ഞ് അനാവശ്യ മാധ്യമ വിചാരണകൾ നടത്തി ബുദ്ധിജീവി ചമയുന്ന, മാദ്ധ്യമ പ്രവർത്തകർ, അതും ഡോക്ട്രേറ്റ് ഒക്കെയുള്ള, സർക്കാർ ശമ്പളം വാങ്ങി പണിയെടുത്തിട്ടുള്ളവർ ഇത്തരം പ്രവൃത്തികൾ മറ്റൊരു തലത്തിൽ നിന്നുകൊണ്ട് ചെയ്താൽ അത് എങ്ങനെയാണ് നീതീകരിക്കപ്പെടുക? ഒരർത്ഥത്തിൽ പറഞ്ഞാൽ ഇത്തരം ഒരു സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ് റിപ്പോർട്ടർ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഡോക്ടർ അരുൺ കുമാറിനെതിരെ നിലവിൽ ആരോപിക്കപ്പെടുന്നത്.
2023ലെ സംസ്ഥാന സ്കൂൾ കലോത്സവത്തെ സദ്യയുടെ ബ്രാഹ്മണിക്കൽ ഹെജിമണി തിരഞ്ഞ് അലങ്കോലമാക്കാൻ അരുൺ കുമാർ ശ്രമിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. കലോത്സവ വേദിയിലെ പഴയിടത്തിന്റെ സസ്യാഹാര പാചകം ബ്രാഹ്മണ മേധാവിത്വത്തിന്റെ ഭാഗമാണ് എന്നതായിരുന്നു അരുൺ കുമാറിന്റെ കണ്ടുപിടുത്തം. അരുൺ കുമാർ ഇട്ടുകൊടുത്ത അപകടകാരിയായ എല്ലിൻ കഷണം, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കുത്തിത്തിരുപ്പ് മാത്രം വയറ്റുപ്പിഴപ്പാക്കിയ ചില കപട ബുദ്ധിജീവികൾ ഏറ്റെടുത്തതോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആളുകൾ ചേരിതിരിഞ്ഞ് പോർവിളിച്ചു. അക്കാലത്ത് കോളേജ് അധ്യാപകനായിരുന്ന അരുൺ കുമാറിനെതിരെ ഉയർന്ന പരാതികൾ പരിശോധിക്കാൻ യുജിസി നേരിട്ട് രംഗത്ത് വന്നതും വാർത്തയായിരുന്നു.
അതുംകടന്ന് 2025ൽ റിപ്പോർട്ടർ ടിവിയുടെ പ്രതിനിധിയായി കലോത്സവത്തിൽ എത്തിയ അരുൺ കുമാറിന്റെ പ്രവൃത്തി അക്ഷരാർത്ഥത്തിൽ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. അന്ന് വർഗീയതയും വംശീയതയും പറഞ്ഞ് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ കാരണമായതെങ്കിൽ, ഇവിടെ അത് കുറച്ചുകൂടി കടന്ന്, സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിക്കുന്ന തലത്തിലേക്കാണ് എത്തി നിൽക്കുന്നത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം റിപ്പോർട്ടിംഗിനിടെ ഡോ അരുണ്‍കുമാര്‍ നയിക്കുന്ന റിപ്പോർട്ടർ ടിവി മാധ്യമ സംഘം പെൺകുട്ടികൾക്കെതിരെ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തിയ സംഭാഷണത്തിലാണ് ദ്വയാര്‍ത്ഥ പ്രയോഗം നടന്നത്. ഈ സംഭാഷണം യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അരുൺ കുമാർ നയിക്കുന്ന റിപ്പോർട്ടർ ടിവി സംപ്രേഷണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഇതിവൃത്തം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് മാധ്യമ പ്രവർത്തകൻ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങൾ, ഉസ്താദ് ഹോട്ടല്‍ സിനിമയിലെ പശ്ചാത്തല സംഗീതവുമായി മിക്സ് ചെയ്താണ് കാണിച്ചത്. തുടർന്ന് അരുൺ കുമാറും സംഘവും വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും പെൺകുട്ടിയെ കുറിച്ച് ചോദിക്കുകയും ലളിതഭാഷണം നടത്തുകയും ചെയ്യുന്നതും ചാനൽ കാണിച്ചിരുന്നു.
സംഭവം വിവാദമായതോടെ അരുൺ കുമാറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു. നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും സംഭവത്തിൽ പരസ്യ വിമർശനവുമായി രംഗത്ത് വന്നു. ഇതോടെ ബാലാവകാശ കമ്മീഷൻ കേസെടുത്തുവെങ്കിലും പോലീസ് ഇപ്പോഴും നിശ്ശബ്ദത പാലിക്കുകയാണ്. ഒരുവശത്ത് പൊതുജനങ്ങൾക്ക് പുരോഗമനത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ലിംഗനീതിയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചുമൊക്കെ ഉപന്യാസരൂപേണ ക്ലാസ് എടുക്കുകയും മറുവശത്ത്, നാട്ടിൻപുറങ്ങളിലെ കലുങ്കിന് മുകളിൽ ഇരുന്ന് സന്ധ്യ മയങ്ങുമ്പോൾ അശ്ലീലം പറയുന്നവരുടെ മനോനിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ നിയമത്തിന് അപ്രാപ്യരാണോ എന്ന ചോദ്യവും പൊതുസമൂഹത്തിൽ നിന്ന് ഉയരുകയാണ്.
പണത്തിന്റെ ഹുങ്കും വിവരക്കേടും നാട്ടുഭാഷയിൽ പറഞ്ഞാൽ ഞരമ്പ് രോഗവും കൈമുതലാക്കിയ ബോചെമാരെ കൃത്യമായ പ്ലാനിംഗോടെ അകത്താക്കാൻ പരിശ്രമിച്ച മിടുക്കന്മാർ നയിക്കുന്ന പോലീസ് സേന നമ്മുടെ അഭിമാനമാണ് എന്നത് നിസ്തർക്കമാണ്. എന്നാൽ ബുദ്ധിജീവി നാട്യവും രാഷ്ട്രീയ ബന്ധങ്ങളും കപട നിഷ്പക്ഷ മേലങ്കിയുമണിഞ്ഞ്, ഉള്ളിൽ ഒരു ചെന്നായയുടെ ക്രൗര്യത്തോടെ സമൂഹത്തിന് ഭീഷണിയായി നിലകൊള്ളുന്ന, കുറച്ചു കൂടി ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ കോട്ടണിഞ്ഞ ചട്ടമ്പിമാരായി വിലസുന്ന ഇത്തരം മാധ്യമ ജഡ്ജിമാരിലേക്ക് കൂടി നിയമം അതിന്റെ എല്ലാ ശക്തിയോടെയും കടന്ന് ചെല്ലേണ്ടതുണ്ട്.