പോയ്മറഞ്ഞ കാർഷിക സംസ്കൃതിയുടെ സജീവമായ സ്മരണകൾ ബാക്കിയാക്കി ഒരു ഓണക്കാലം കൂടി വിടവാങ്ങുന്നു. കർക്കടകത്തിലെ പിള്ളേരോണത്തിൽ തുടങ്ങി കന്നിയിലെ തിരുവോണത്തിൽ അവസാനിക്കുന്ന ഓണക്കാലത്തിനായി ഇനി ഒരു വർഷത്തിന്റെ കാത്തിരിപ്പ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ കാളകെട്ട് മഹോത്സവത്തോടെയാണ് ഓണാട്ടുകരയുടെ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്നത്.
കാർഷികവൃത്തി ജീവനോപാധിയായിരുന്ന കാലത്ത് പാടത്തെ പണിയിൽ സന്തത സഹചാരികളായിരുന്ന കന്നുകാലികൾക്ക് നന്ദി പറയുന്ന ആഘോഷമാണ് കാളകെട്ട്. മഹാദേവന്റെ വാഹനമായ നന്ദികേശന്റെ രൂപങ്ങളുമായി കന്നി മാസത്തിലെ തിരുവോണം നാളിൽ ദേശത്തെ 52 കരക്കാരും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ എത്തുന്നു. പാലമരത്തിന്റെ തടിയും വൈക്കോലും കൊണ്ട് നിർമ്മിക്കുന്ന കാളകളുടെ രൂപങ്ങളും പേറി ആഘോഷത്തോടെ ആർപ്പുവിളിച്ച് കായബലമുള്ള കരക്കാർ ദേശവഴികളിൽ ആരവങ്ങൾ തീർക്കുന്നു.
ആകാരസൗഷ്ടവത്തിൽ പരസ്പരം മത്സരിക്കുന്ന കാലഭൈരവനും ഓണാട്ടുകതിരവനും എടുപ്പുകാളകളിൽ തലപ്പൊക്കമുള്ളവരാണ്. വജ്രതേജോമുഖൻ, രൗദ്രബ്രഹ്മ ഋഷഭൻ, അഘോരരുദ്ര നേത്രൻ, പ്രയാർ വടക്ക് ശിവപ്രിയൻ, കിണറുമുക്ക് കൊമ്പൻ, വള്ളിക്കാവ് കൊമ്പൻ, പായിക്കുഴിക്കര ഇടംപിരി വലംപിരി വാരനാട് കൊമ്പൻ, അമ്പലക്കര കൊമ്പൻ തുടങ്ങിയവരും വലുപ്പത്തിലും ചമയത്തിലും കേമന്മാരാണ്. ഒപ്പം ചെറുതും വലുതുമായ നൂറുകണക്കിന് മറ്റ് കാളകൾ കൂടി ക്ഷേത്രമൈതാനിയിൽ നിരക്കുന്നു. ദേശദേശാന്തരങ്ങളിൽ നിന്നും എത്തുന്ന പതിനായിരങ്ങൾക്ക് കണ്ണിനും മനസ്സിനും ആനന്ദം നൽകുന്ന കാഴ്ചകളാണ് പിന്നീട് പടനിലത്ത് കാണാനാവുക.
ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ നന്ദികേശ രൂപങ്ങളെ കാണാൻ കഴിയുന്ന ഉത്സവം കൂടിയാണ് ഓച്ചിറ കാളകെട്ട്. ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ് ഇരുപത്തിയെട്ടാം നാൾ നടക്കുന്നതിനാൽ ഈ ഉത്സവം ഇരുപത്തിയെട്ടാം ഓണം എന്നും അറിയപ്പെടുന്നു.
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ കരകളിൽ നിന്നാണ് പ്രധാനമായും എഴുന്നള്ളത്തായി കെട്ടുകാളകൾ എത്തുന്നത്. പഞ്ചലോഹം, സ്വർണം, വെള്ളി, സിമന്റ്, ഉരുക്ക് എന്നിവയിൽ നിർമ്മിച്ച കെട്ടുകാളകളും ഘോഷയാത്രയിൽ അണിനിരക്കുന്നു. കാളകൾക്കൊപ്പം വൈവിധ്യമാർന്ന കെട്ടുകാഴ്ചകളും ക്ഷേത്രമൈതാനിയിൽ ഉത്സവലഹരി പടർത്തും. കാളകെട്ട് കഴിയുന്നതോടെ, ആരവമൊഴിയുന്ന ഓണാട്ടുകര അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പിലേക്ക് മടങ്ങുന്നു.

