ന്യൂഡൽഹി : പഞ്ചാബിൽ ബിജെപിയും ശിരോമണി അകാലിദളും ഇനി ഒരുമിച്ച് . ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ എന്നിവർ സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. ബിജെപി ആസ്ഥാനത്തായിരുന്നു സംയുക്ത സമ്മേളനം .
ഇതൊരു രാഷ്ട്രീയ സഖ്യമല്ലെന്നും, മറിച്ച് വൈകാരികമായ ബന്ധമാണിതെന്നും, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് തങ്ങൾ ബിജെപിയുമായി കൈകോർത്തതെന്നും സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പഴയ പാർട്ടിയാണ് ശിരോമണി അകാലിദൾ . ഇപ്പോൾ പഞ്ചാബിനെ രക്ഷിക്കേണ്ട ചുമതല പാർട്ടിയ്ക്കുണ്ട്.കോൺഗ്രസും, ആം ആദ്മിയും, ലഹരി മരുന്ന് മാഫിയകളും ചേർന്ന് സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും ബാദൽ പറഞ്ഞു.
എൻ ഡി എ യുടെ പഴയ സഖ്യകക്ഷിയായ സുഖ്ബീർ സിംഗ് ബാദൽ മടങ്ങി വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നാണ് അമിത് ഷായുടെ പ്രതികരണം . പഞ്ചാബിലെ മയക്കു മരുന്ന മാഫിയകളെ പൂർണ്ണമായും ഇല്ലാതാക്കി 2029 ഡിസംബർ 31 ഓടെ പഞ്ചാബിനെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.
ശിരോമണി അകാലിദൾ എൻ ഡി എയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ പറഞ്ഞു. പഞ്ചാബിൽ വികസനാധിഷ്ഠിത സർക്കാർ രൂപീകരിക്കുമെന്നും, സീറ്റ് വിഭജനത്തെ പറ്റി പിന്നീട് തീരുമാനിക്കുമെന്നും നിതിൻ നബിൻ പറഞ്ഞു.
2007 ലാണ് ആദ്യമായി ബിജെപിയും , അകാലിദളും ഒരുമിച്ച് പഞ്ചാബിൽ സർക്കാർ രൂപീകരിച്ചത് . പിന്നീട് 2012 ലും സഖ്യം വീണ്ടും അധികാരത്തിൽ വന്നു. 2019 വരെ സഖ്യം തുടർന്നെങ്കിലും 2020 ൽ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെ അന്നത്തെ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ പ്രതിഷേധ സൂചകമായി കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജി വച്ചു. തുടർന്ന് ഇരു പാർട്ടികളും വേർപിരിഞ്ഞു.ഇപ്പോൾ ആറ് വർഷത്തിനു ശേഷം വീണ്ടും എൻ ഡി എയിലേയ്ക്ക് എത്തുകയാണ് അകാലിദൾ.
2022 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ 97 സീറ്റുകളിലാണ് മത്സരിച്ചത്. മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. 18.3ശതമാനമായിരുന്നു അന്ന് പാർട്ടിയുടെ വോട്ട് വിഹിതം . 73 സീറ്റുകളിൽ മത്സരിച്ച ബിജെപി രണ്ട് സീറ്റുകളാണ് നേടിയത് . 6.6 ശതമാനമായിരുന്നു വോട്ട് വിഹിതം.

