കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ റൈഫിളുകൾ പിടിച്ചെടുത്തു . ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ രമേശ് മച്ചാട്ട് , സിജോയ് ശശി എന്നിവരുടെ ലഗേജിൽ നിന്നാണ് 11 റൈഫിളുകൾ കണ്ടെത്തിയത് . കസ്റ്റംസ് പരിശോധന വെട്ടിച്ച് രാജ്യത്തേയ്ക്ക് ആയുധങ്ങൾ കടത്താൻ ശ്രമിക്കുകയായിരുന്നോ ഇരുവരും എന്നാണ് അധികൃതരുടെ സംശയം.
പരിശോധനയ്ക്കിടെ വിവിധ മോഡലുകളിലുള്ള എയർ റൈഫിളുകൾ പാർട്സുകളാക്കി പല ലഗേജുകളിൽ പാക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത റൈഫിളുകൾ സാങ്കേതിക പരിശോധനയ്ക്കായി കസ്റ്റംസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാരെയും ചോദ്യം ചെയ്യും . റൈഫിളുകളുടെയും പ്രത്യേകതകളും, അവ ഇന്ത്യയിലേയ്ക്ക് കൊണ്ടു വന്നത് നിയമം പാലിച്ചാലോ എന്നതും പരിശോധന കഴിഞ്ഞ ശേഷമേ വെളിപ്പെടുത്താനാകൂവെന്ന് അധികൃതർ പറഞ്ഞു.
ഇവ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകളും അനുമതികളും യാത്രക്കാരുടെ പക്കലുണ്ടായിരുന്നോ എന്നും കസ്റ്റംസ് അധികൃതർ പരിശോധിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

