സെഞ്ചൂറിയൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 2 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയതോടെയാണ് ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ പാകിസ്താൻ മുന്നോട്ട് വെച്ച വിജയലക്ഷ്യമായ 148 റൺസ് 8 വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടക്കുകയായിരുന്നു.
പാകിസ്താന്റെ ശക്തമായ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അടിപതറിയ ദക്ഷിണാഫ്രിക്ക പരാജയത്തെ മുഖാമുഖം കണ്ട ശേഷമാണ് വിജയവഴിയിലേക്ക് എത്തിയത്. പിരിയാത്ത ഒൻപതാം വിക്കറ്റിൽ കഗീസോ റബാഡയും മാർക്കോ യാൻസനും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസ് പ്രോട്ടീസ് വിജയത്തിൽ നിർണായകമായി.
മൂന്നാം ദിനം 237 റൺസിന് പാകിസ്താൻ പുറത്തായതോടെയാണ് 148 റൺസ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കക്ക് മുന്നിൽ നിശ്ചയിക്കപ്പെട്ടത്. എന്നാൽ 27 റൺസ് എടുക്കുന്നതിനിടെ മൂന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ പിഴുത് പാകിസ്താൻ മത്സരത്തിൽ പിടിമുറുക്കി. നാലാം ദിനം മത്സരം പുനരാരംഭിക്കുമ്പോൾ ശക്തമായ ബാറ്റിംഗ് നിരയുടെ കരുത്തിൽ 121 റൺസ് മതിയായിരുന്നു ദക്ഷിണാഫ്രിക്കക്ക് വിജയിക്കാൻ. ഏയ്ഡൻ മാർക്രാമും തെംബ ബാവുമയുമായിരുന്നു അപ്പോൾ ക്രീസിൽ.
അതേസമയം, ആദ്യ സെഷനിൽ തന്നെ നാല് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ പിഴുത് മുഹമ്മദ് അബ്ബാസ് പാകിസ്താന് പ്രതീക്ഷ നൽകി. എന്നാൽ നിശ്ചയദാർഢ്യത്തോടെ ബാറ്റ് വീശിയ റബാഡയും യാൻസനും ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അബ്ബാസിന്റെ 6 വിക്കറ്റ് പ്രകടനം മത്സരത്തിൽ ശ്രദ്ധേയമായി.