കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസിനു സമീപം കാട്ടുതീ പടരുന്നു . 70,000 ത്തോളം പേരെ ഒഴിപ്പിച്ചു. അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് കെട്ടിടങ്ങൾ കത്തിച്ചാമ്പലായി.
പസഫിക് പാലിസേഡ്സ്, ഈറ്റൺ, ഹർസ്റ്റ് വനങ്ങളിലാണ് തീ ആദ്യം ആരംഭിച്ചതെന്നും തുടർന്ന് ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് പടരാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ടാങ്കറുകൾ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ കാറ്റിന്റെ ദിശയും വേഗതയും മാറുന്നതിനാൽ തീ നിയന്ത്രണ വിധേയമായിട്ടില്ല.കാലിഫോർണിയയിലെ പസഡെന നഗരത്തിൽ ഒരു യഹൂദ പ്രാർത്ഥനാലയം കത്തിനശിച്ചു.
ഇതുവരെ 16,000 ഏക്കറിലധികം ഭൂമി അഗ്നിക്കിരയായി. കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ക്രിസ് പ്രാറ്റ്, റീസ് വിതർസ്പൂൺ, മൈൽസ് ടെല്ലർ തുടങ്ങിയ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ ഈ പ്രദേശത്താണ്. കർദാഷിയൻസ് ഉൾപ്പെടെയുള്ള കൂടുതൽ സെലിബ്രിറ്റികൾ കലാബസാസ്, പസഡെന എന്നിവിടങ്ങളിലും താമസിക്കുന്നുണ്ട്.ലൊസാഞ്ചലസ് സിറ്റി കൗൺസിൽ പ്രസിഡന്റ് മാർക്വീസ് ഹാരിസ്-ഡോസൺ ചൊവ്വാഴ്ച രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.