ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വിവാദത്തിൽ . എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി, ടീമിലെ ചില കളിക്കാരുടെ മൊബൈൽ ഫോണുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കണ്ടുകെട്ടിയെന്നാണ് റിപ്പോർട്ടുകൾ .
അവസാന ടെസ്റ്റ് വരെ ഈ ഫോണുകൾ ബോർഡിന്റെ പക്കലാകും. ഏതൊക്കെ കളിക്കാരുടെ ഫോണുകൾ കണ്ടുകെട്ടിയെന്നും ബോർഡ് എന്തുകൊണ്ടാണ് ഈ നടപടി സ്വീകരിച്ചതെന്നും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഫോണുകൾ പിടിച്ചെടുത്തത് ടീം പ്രോട്ടോക്കോൾ, അച്ചടക്ക നടപടിക്രമങ്ങൾ എന്നിവയൂമായി ബന്ധപ്പെട്ടാണോ എന്ന് പിസിബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒത്തുകളിയെ കുറിച്ചുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്.
സംഭവം കളിക്കാരുടെ സ്വകാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാരുടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് ഐസിസിയ്ക്ക് വളരെ കർശനമായ നിയമങ്ങളുണ്ട്. ഒരു മത്സരത്തിനിടെ, കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഡ്രസ്സിംഗ് റൂമുകൾ ഉൾപ്പെടെയുള്ള നിയന്ത്രിത പ്രദേശങ്ങളിൽ മൊബൈൽ ഫോണുകളോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല.
അത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് കളിക്കാർ അവരുടെ ഫോണുകൾ ഒഴിവാക്കണം . മത്സരത്തിന്റെ സമഗ്രത നിലനിർത്തുന്നതിനും കളിക്കാരും സപ്പോർട്ട് സ്റ്റാഫും തമ്മിലുള്ള അനധികൃത ആശയവിനിമയം തടയുന്നതിനുമാണ് ഈ നിയമം .

