രാജ്കോട്ട്: തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടിയതോടെ, അയർലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത 50 ഓവറിൽ 5ന് 370 എന്ന റെക്കോർഡ് ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ഐറിഷ് പോരാട്ടം 7ന് 254ൽ അവസാനിച്ചു. ഇതോടെ 116 റൺസിന്റെ കൂറ്റൻ വിജയവും ഇന്ത്യ ആഘോഷിച്ചു.
ക്യാപ്ടൻ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ, 17 ഓവറിൽ 156 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മന്ഥാന 54 പന്തിൽ 73 റൺസ് നേടിയപ്പോൾ റാവൽ 61 പന്തിൽ 67 റൺസ് നേടി. പിന്നീട് ഒത്തുചേർന്ന ഹർലീൻ ഡിയോളും ജെമീമ റോഡ്രിഗസും ചേർന്ന് ഐറിഷ് ബൗളർമാരെ നിലം തൊടാതെ പറപ്പിച്ചു. ഹർലീൻ 84 പന്തിൽ 89 റൺസ് നേടിയപ്പോൾ, ജെമീമ 91 പന്തിൽ 102 റൺസെടുത്തു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 183 റൺസാണ് കൂട്ടിച്ചേർത്തത്.
കൂറ്റൻ ടോട്ടൽ പിന്തുടർന്ന അയർലൻഡിന് കണിശതയാർന്ന ഇന്ത്യൻ ബൗളിംഗിന് മുന്നിൽ കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. 80 റൺസെടുത്ത വിക്കറ്റ് കീപ്പർ കൂൾട്ടർ റെയ്ലിയാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ്മ 3 വിക്കറ്റ് വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചിരുന്നു. അവസാന മത്സരം ഇതേ വേദിയിൽ 15ന് നടക്കും.