അഡ്ലെയ്ഡ്: ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യൻ മോഹങ്ങൾക്ക് ഏറെക്കുറെ വിരാമമായി. ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
ഇനി ഫൈനലിൽ കടക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച് അസാദ്ധ്യമാണെന്ന് പറയേണ്ടി വരും. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമേ, മറ്റ് ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിൽ കടക്കാൻ സാധിക്കൂ. ഓസീസിനെ അവരുടെ മടയിൽ തുടർച്ചയായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ പരാജയപ്പെടുത്തുക എന്നത് അതികഠിനമാണ്.
അടുത്ത മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചാലും മുന്നിൽ പ്രതിബന്ധങ്ങളുണ്ട്. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, വരാനിരിക്കുന്ന പരമ്പരയിൽ പാകിസ്താനെ 2-0 എന്ന നിലയിൽ തോൽപ്പിച്ചാൽ ഇന്ത്യയുടെ സാദ്ധ്യതകൾ അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയെ 2-0ന് പരാജയപ്പെടുത്താൻ അനായാസം സാധിക്കുന്ന അവസ്ഥയിലാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഈ ഫോം തുടർന്നാൽ പാകിസ്താൻ എന്നത് അവർക്ക് ഒരു ഇരയേ അല്ലാതാകും. അങ്ങനെ വന്നാലും പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തിന് വേണ്ടി ഇന്ത്യക്ക് ഓസീസിനോട് മത്സരിക്കേണ്ടി വരും.
ബോർഡർ ഗവാസ്കർ ട്രോഫി 3-2 എന്ന നിലയിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ, ശ്രീലങ്കയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാകും. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ശ്രീലങ്ക ഒരു സമനിലയെങ്കിലും പിടിക്കേണ്ടി വരും. പരമ്പരയിലെ രണ്ട് മത്സരങ്ങളും ശ്രീലങ്കയുടെ ശക്തികേന്ദ്രമായ ഗാലെയിലായതിനാൽ, ഇന്ത്യക്ക് നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഇനി ബോർഡർ ഗവാസ്കർ സീരീസ് 2-2 എന്ന നിലയിൽ സമനിലയാകുകയാണെങ്കിൽ, ശ്രീലങ്ക ഓസ്ട്രേലിയയെ 1-0 എന്ന നിലയിലെങ്കിലും തോൽപ്പിച്ചാലേ ഇന്ത്യക്ക് സാദ്ധ്യതയുള്ളൂ. മാത്രമല്ല, ദക്ഷിണാഫ്രിക്ക നിർബ്ബന്ധമായും ശ്രീലങ്കയെ 2-0 എന്ന നിലയിൽ പരാജയപ്പെടുത്തിയാലേ മതിയാകൂ. നിലവിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും വിജയത്തിന്റെ വക്കിലാണ് എന്നത് ആശ്വാസകരമാണ്.
അതേസമയം ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നഷ്ടമായാൽ, പിന്നെ എല്ലാ ഞാണിന്മേൽ കളികളും അവിടെ അവസാനിക്കും. ഇന്ത്യയില്ലാത്ത ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിൽ അരങ്ങേറും.