പൂനെ: അർദ്ധ സെഞ്ച്വറികളുമായി ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും, മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമായി രവി ബിഷ്ണോയിയും ഹർഷിത് റാണയും കളം നിറഞ്ഞതോടെ, ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിൽ 15 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ. ഈ ജയത്തോടെ, പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ഇതോടെ, ഞായറാഴ്ച വാംഖഡെയിൽ നടക്കുന്ന അവസാന മത്സരത്തിന്റെ ഫലം അപ്രസക്തമായി.
രാജ്കോട്ടിൽ നടന്ന മൂന്നാം മത്സരത്തിലെ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യ നടത്തിയത്. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരവും ചെന്നൈയിൽ നടന്ന രണ്ടാം മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മഹ്മൂദ് (35/3) മികച്ച തുടക്കം നൽകിയെങ്കിലും, 53 റൺസ് വീതമെടുത്ത് ശക്തമായി തിരിച്ചടിച്ച പാണ്ഡ്യയും ദുബെയും ചേർന്ന് നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ 181/9 എന്ന മികച്ച ടോട്ടലിൽ ഇന്ത്യയെ എത്തിച്ചു.
മറുപടി ബാറ്റിംഗിൽ, ഫിൽ സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന് ഇംഗ്ലണ്ടിന് സ്ഫോടനാത്മകമായ തുടക്കമാണ് നൽകിയത്. എന്നാൽ പവർ പ്ലേയുടെ അവസാന പന്തിൽ 39 റൺസെടുത്ത ഡക്കറ്റിനെ രവി ബിഷ്ണോയ് നായകൻ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വന്നു. അടുത്ത ഓവറിൽ അക്ഷർ പട്ടേൽ സാൾട്ടിനെയും ക്ലീൻ ബൗൾഡാക്കിയതോടെ മത്സരത്തിന്റെ നിയന്ത്രണം വീണ്ടും ഇന്ത്യ ഏറ്റെടുത്തു.
കൂറ്റൻ പ്രഹരങ്ങളിലൂടെ 26 പന്തിൽ 51 റൺസ് നേടിയ ഹാരി ബ്രൂക്കിനൊഴികെ മറ്റാർക്കും ഇംഗ്ലീഷ് നിരയിൽ പിടിച്ചു നിൽക്കാനായില്ല. പരിക്കേറ്റ ശിവം ദുബെയ്ക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തിയ ഹർഷിത് റാണയും (33/3) രവി ബിഷ്ണോയിയും (28/3) ഇന്ത്യൻ ജയത്തിലേക്കുള്ള വഴി അനായാസമാക്കി. ഒടുവിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 19.4 ഓവറിൽ 166 റൺസിൽ അവസാനിച്ചു.