തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് കടത്തുകയായിരുന്ന പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് എയർ കസ്റ്റംസ് പിടികൂടി. കർണാടകയിൽ പഠിക്കുകയായിരുന്ന മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവിന് ഏകദേശം പത്ത് കോടി രൂപ വിലവരുമെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇത്രയും വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമായാണ്.
ശനിയാഴ്ച രാത്രി 11.10 ന് സിംഗപ്പൂരിൽ നിന്ന് എത്തിയ സ്കൂട്ട് എയർലൈൻസിന്റെ TR 530 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. ബാങ്കോക്കിലേക്ക് പോയി സിംഗപ്പൂർ വഴി മടങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റംസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ നിന്ന് ടെർമിനലിൽ കയറിയപ്പോൾ അധികൃതർക്ക് സംശയം തോന്നി.
കൺവെയർ ബെൽറ്റിൽ നിന്ന് എടുത്ത ലഗേജുമായി പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അധികൃതർ അവരെ തിരികെ വിളിച്ച് ലഗേജ് പരിശോധിച്ചു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടർന്നു. കഞ്ചാവിന്റെ ഉറവിടം, ആർക്കാണ് വിൽക്കാൻ കൊണ്ടുവന്നത് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

