ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിൽ ജമ്മു കശ്മീരിലുടനീളം പ്രതിഷേധം . പിഡിപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും പോസ്റ്ററുകൾ കത്തിച്ചു. ശ്രീനഗറിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. താഴ്വരയിലെ സ്കൂളുകൾ മാർച്ച് 7 വരെ അടച്ചിടും . ഷിയ സമൂഹം കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ നിയന്ത്രണങ്ങളുണ്ട്
അതേസമയം, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ജമ്മു കശ്മീർ പോലീസ് ചില മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ‘കശ്മീർ ലൈഫ്’, ‘ഗ്രേറ്റർ കശ്മീർ’, ‘റൈസിംഗ് കശ്മീർ’ തുടങ്ങിയ പത്രങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മെറ്റാ ബ്ലോക്ക് ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നിരോധനമെന്ന് ‘കശ്മീർ ലൈഫ്’ അറിയിച്ചു.
സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നാഷണൽ കോൺഫറൻസ് നേതാവും എംപിയുമായ ആഗ സയ്യിദ് റുഹുള്ള മെഹ്ദിക്കും മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മട്ടുവിനുമെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിച്ചതായി പോലീസ് ആരോപിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചതായും തനിക്ക് അനുവദിച്ച സുരക്ഷ കുറച്ചതായും ആഗ സയ്യിദ് റുഹുള്ള പറഞ്ഞു.

