പട്ന: കഴിഞ്ഞ വർഷം പത്താം തവണയും ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. നിതീഷിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് കൈമാറി നിതീഷ് രാജ്യസഭയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്.
നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി നീക്കമാരംഭിച്ചിട്ടുണ്ട്. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് ബീഹാർ മന്ത്രിയും ജെഡിയു മുതിർന്ന നേതാവുമായ ശ്രാവൺ കുമാറും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ, ഈ വിഷയത്തിൽ ജെഡിയുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. രാജ്യസഭാ ഒഴിവുകളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്.
നിതീഷ് കുമാറിന്റെ നാമനിർദ്ദേശത്തിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായും മുഖ്യമന്ത്രിയുടെ ഒപ്പ് മാത്രമേ ബാക്കിയുള്ളൂ എന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. മാർച്ച് 8 ന് ആരംഭിക്കാനിരുന്ന നിതീഷ് കുമാറിന്റെ ‘സമൃദ്ധി യാത്ര’യുടെ അടുത്ത ഘട്ടം മാറ്റിവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

