കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ദീർഘ കാലത്തെ ഇടവേളക്ക് ശേഷം ഈഡനിൽ വിരുന്നെത്തിയ ടെസ്റ്റ് മത്സരത്തിൽ, ടോസ് നേടിയ പ്രോട്ടീസ് നായകൻ തെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ കണിശതയാർന്ന ബൗളിംഗ് പുറത്തെടുത്ത ഇന്ത്യക്ക് മുന്നിൽ, സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് 159 റൺസിൽ അവസാനിച്ചു.
സാഹചര്യങ്ങൾ മനസ്സിലാക്കി ഇന്നിംഗ്സ് തുറന്ന ഓപ്പണർമാരായ മാർക്രമും റിക്കിൾട്ടണും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നൽകിയത്. എന്നാൽ ടീം സ്കോർ 57 റൺസിൽ റിക്കിൾട്ടണെയും 62 റൺസിൽ മാർക്രമിനെയും വീഴ്ത്തി ബൂമ്ര വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതോടെ, പ്രോട്ടീസ് ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ കൂടാരം കയറാൻ തുടങ്ങി. മൂന്ന് റിവ്യൂകളും എൽ ബി ഡബ്ലിയുകളിൽ സന്ദർശകർ നഷ്ടപ്പെടുത്തിയതും കൗതുകക്കാഴ്ചയായി.
മാരകമായ ഫോമിൽ പന്തെറിഞ്ഞ് 5 വിക്കറ്റ് നേട്ടം ആഘോഷിച്ച ബൂമ്ര തന്നെയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിന്റെ നട്ടെല്ല് തകർത്തത്. കുൽദീപ് യാദവും സിറാജും 2 വിക്കറ്റുകൾ വീതം നേടിയപ്പോൾ, അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. 31 റൺസെടുത്ത മാർക്രമാണ് പ്രോട്ടീസിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്കോർ 18 റൺസിൽ നിൽക്കെ യശസ്വി ജയ്സ്വാളിനെയാണ് ആതിഥേയർക്ക് നഷ്ടമായത്.

