ബലൂചിസ്ഥാനെയും പാകിസ്ഥാനെയും വെവ്വേറെ പരാമർശിച്ച നടൻ സൽമാൻ ഖാന്റെ പ്രസ്താവന ചർച്ചയാകുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു. സൗദി അറേബ്യയിലെ റിയാദിൽ നടന്ന ജോയ് ഫോറം 2025-ൽ ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ ബോളിവുഡ് സൂപ്പർതാരങ്ങൾക്കൊപ്പം പങ്കെടുത്തപ്പോഴാണ് സൽമാൻ ഖാൻ ഈ പരാമർശങ്ങൾ നടത്തിയത്.മധ്യപൂർവദേശത്തെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കിടയിൽ ഇന്ത്യൻ സിനിമയുടെ വർദ്ധിച്ചുവരുന്ന ആഗോള ആകർഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സൽമാൻ ഖാൻ .
“ഇപ്പോൾ, നിങ്ങൾ ഒരു ഹിന്ദി സിനിമ നിർമ്മിച്ച് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ, അത് ഒരു സൂപ്പർഹിറ്റാകും. നിങ്ങൾ ഒരു തമിഴ്, തെലുങ്ക് അല്ലെങ്കിൽ മലയാള സിനിമ നിർമ്മിച്ചാൽ, അത് നൂറുകണക്കിന് കോടികളുടെ ബിസിനസ്സ് ഉണ്ടാക്കും, കാരണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇവിടെ വന്നിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്… എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു.” – പ്രസ്താവന ഉടൻ തന്നെ വൈറലാകുകയും ചെയ്തു.
സൽമാൻ ഖാന്റെ വാക്കുകൾ മനഃപൂർവ്വമാണോ അതോ തെറ്റ് പറ്റിയതാണോ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചർച്ച . “ഇത് തെറ്റായിരുന്നോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത് അതിശയകരമാണ്! സൽമാൻ ഖാൻ “ബലൂചിസ്ഥാനിലെ ജനങ്ങളെ” “പാകിസ്ഥാനിലെ ജനങ്ങളിൽ” നിന്ന് വേർതിരിക്കുന്നു.” – എന്നാണ് മാധ്യമപ്രവർത്തക സ്മിത പ്രകാശ് പറയുന്നത്.
ബലൂചിസ്ഥാൻ ‘സ്വതന്ത്ര’മാണെന്ന് മനഃപൂർവ്വം സൂചന നൽകുന്നതാണോയെന്നും ചിലർ ചോദിക്കുന്നു. “ബലൂചിസ്ഥാൻ ഒരു പ്രത്യേക രാജ്യമാണെന്ന് സൽമാൻ ഖാൻ പോലും സമ്മതിച്ചു,” മറ്റൊരു എക്സ് ഉപയോക്താവായ ജാബിർ ബലൂച്ച് എഴുതി.
ഭൂമിശാസ്ത്രപരമായി ബലൂച് മേഖലയും പ്രദേശവും മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വടക്കൻ മേഖല ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭാഗമാണ്, പടിഞ്ഞാറൻ മേഖലയായ സിസ്റ്റാൻ-ബലൂചിസ്ഥാൻ ഇറാനിലാണ്, ബാക്കി ഭാഗം പാകിസ്ഥാനിലാണ്.

