തിരുവനന്തപുരം : പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “സത്യം വളച്ചൊടിച്ച്” കാണിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സിനിമ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യത്തെ വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വ്യാഴാഴ്ച സിനിമ റിലീസ് ചെയ്തപ്പോൾ എമ്പുരാൻ ടീമിന് അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു . എന്നാൽ ചിത്രത്തിലെ സീനുകൾ വിവാദമായതിനു പിന്നാലെയാണ് പുതിയ നിലപാട്.
‘ ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? – അതെ. ‘ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.