മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനി എന്ന മുക്കണ്ണൻ അബ്ദുൾ നാസർ (55) അറസ്റ്റിലായിട്ടും മൗനം തുടരുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധമുയരുന്നു. ആരോപണങ്ങൾ മാത്രം ഉയരുകയും പിന്നീട് കേസെടുക്കപ്പെട്ടുവെങ്കിലും കോടതികൾ ജാമ്യം അനുവദിക്കുകയും ചെയ്ത സിദ്ദീഖിന്റെ വിഷയം മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി പൊതുസമൂഹം കണ്ടതാണ്. ആ ഒരു സമീപനം എന്തുകൊണ്ട് നാസറിന്റെ കാര്യത്തിൽ ഉണ്ടാകുന്നില്ല എന്നതാണ് ഉയരുന്ന ചോദ്യം.
നവംബർ 17 ഞായറാഴ്ചയായിരുന്നു നാസറിന്റെ കേസിനാസ്പദമായ സംഭവം. എല്‍ പി വിഭാഗം അധ്യാപകനായ നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. വണ്ടൂര്‍ കാളികാവ് റോഡില്‍ നാസറിന് സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നത്.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും നാസറിനെ അറസ്റ്റ് ചെയ്തില്ല. പിന്നീട് നവംബർ 21 വ്യാഴാഴ്ച ഉച്ചയോടെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.
കുരുതി, ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെയാണ് നാസർ കറുത്തേനി ശ്രദ്ധേയനാകുന്നത്. ചില സീരിയലുകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാളത്തിലെ ചില മുൻനിര നടന്മാർക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലുകൾ വലിയ ആഘോഷത്തോടെയാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തത്. ആരോപണം ഉന്നയിച്ച നടിമാരിൽ ഒരാളുടെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടുവെങ്കിലും ഈ വിഷയത്തിലും മാദ്ധ്യമങ്ങൾ മൃദുസമീപനം തുടർന്നു. നാസർ കറുത്തേനിക്കെതിരായ പോക്സോ കേസ് ചർച്ച ചെയ്തില്ല എന്ന മാത്രമല്ല, പ്രധാന ബുള്ളറ്റിനുകളിൽ നിന്നുമെല്ലാം തമസ്കരിച്ച്, രാത്രിയിലെ ക്രൈം വാർത്തകളിൽ മാത്രമാണ് മിക്ക ചാനലുകളും കേവലം ഒരു റിപ്പോർട്ട് ആയിട്ടെങ്കിലും ഉൾപ്പെടുത്തിയത്.
മാദ്ധ്യമങ്ങളെ ഒരു കാരണവശാലും താലോലിക്കാത്ത ജയസൂര്യ, ബാലചന്ദ്ര മേനോൻ, മുകേഷ് തുടങ്ങിയവർക്കെതിരായ വെളിപ്പെടുത്തലുകൾ വ്യക്തിഹത്യയുടെ അങ്ങേയറ്റത്തെ പോയിന്റിൽ നിന്നുകൊണ്ടാണ് മാദ്ധ്യമങ്ങൾ ആഘോഷിച്ചത്. ജയസൂര്യയും മുകേഷും പതിവ് പോലെ ഇത്തരം വാർത്തകളെ അവഗണിച്ചപ്പോൾ, ബാലചന്ദ്ര മേനോൻ കേസിന് പോയി.
സിദ്ദിഖിന്റെ കാര്യത്തിൽ മാദ്ധ്യമങ്ങൾ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ വരെ വേട്ടയാടുന്ന തലത്തിലേക്കെത്തി. മലയാളത്തിലെ ഒരു മുഖ്യധാര മാദ്ധ്യമം വർഷങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച കോൺക്ലേവിൽ, അവതാരകയുടെ ചോദ്യത്തിന് മറുപടിയായി മാദ്ധ്യമ വിചാരണക്കെതിരെ സിദ്ധിഖ് പരസ്യമായി നിലപാട് പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.
ബലാത്സംഗം, കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം എന്നിവ ഏറ്റവും നിന്ദ്യമായ കുറ്റകൃത്യങ്ങളാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇത്തരം കേസുകൾ വരുമ്പോൾ പ്രതികൾക്കെതിരെ രണ്ട് തരത്തിലുള്ള സമീപനം സ്വീകരിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സിദ്ദിഖ് ചെയ്താലും നാസർ കറുത്തേനി ചെയ്താലും കുറ്റം കുറ്റം തന്നെയാണ്. ഇനി ഇവർ നിരപരാധികളാണെന്ന് കോടതിയിൽ തെളിഞ്ഞാൽ അതും അഭിസംബോധന ചെയ്യപ്പെടേണ്ടതാണ്. ആക്രമണം ഒരു വശത്തേക്ക് മാത്രമാകുകയും മറുവശം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് സമാനതകളില്ലാത്ത അനീതിയാണ് എന്ന അഭിപ്രായമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്നത്.