ന്യൂഡൽഹി : വാതുവെപ്പ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് 29 സെലിബ്രിറ്റികൾക്കും അവരുമായി ബന്ധപ്പെട്ടവർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഫയൽ ചെയ്തു തെലങ്കാനയിലെ ഹൈദരാബാദിൽ സൈബരാബാദ് പോലീസ് സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്.
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, മഞ്ചു ലക്ഷ്മി, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി തുടങ്ങിയവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും, ഇവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
മുമ്പ്, വാതുവെപ്പ് പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് റാണ ദഗ്ഗുബാട്ടി , പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവരുൾപ്പെടെ 25 വ്യക്തികൾക്കെതിരെ സൈബരാബാദിലെ മിയാപൂർ പോലീസ് കേസെടുത്തിരുന്നു.ഈ പ്രചാരണങ്ങളിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.
അതേസമയം, കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ടയുടെ ന്യായീകരണം. സ്കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും അവര്‍ പറയുന്നു.
റാണ ദഗ്ഗുബാട്ടിയും തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കി. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017-ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്ഫോമുകള് അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമാണ് എല്ലാ പ്രചാരണ പരിപാടികളും നടത്തിയതെന്നും അവ നിയമപരമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

