കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുമായി 2019 മുതൽ താൻ പ്രണയത്തിലാണെന്നും കേരള പോലീസ് തന്റെ പ്രണയത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ . നടിയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകനെ രാത്രിയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വകുപ്പ് കസ്റ്റഡിയിലെടുത്തു. തുടർന്ന് എളമക്കര പോലീസ് മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി മുതൽ നടിക്കെതിരെ സനൽകുമാർ ഫേസ്ബുക്കിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. വധഭീഷണി നേരിടാൻ തുടങ്ങിയപ്പോഴാണ് താൻ രാജ്യം വിട്ടതെന്നാണ് സനൽകുമാർ ശശിധരൻ പറയുന്നത് . ‘ രണ്ട് പേർ പ്രണയത്തിലാകുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്തെങ്കിലും എതിർപ്പുണ്ടോ . ഞാൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ല, മാസപ്പടി വാങ്ങിയിട്ടില്ല, ഏഴു ലക്ഷം കോടിയോളം കടം ഉണ്ടാക്കിയിട്ടില്ലെന്നും ‘ സനൽകുമാർ പറഞ്ഞു
നടിയെ സെക്സ് മാഫിയ ബന്ദിയാക്കുകയാണെന്നും സനൽകുമാർ ആരോപിച്ചു.പരാതിക്കാരിയായ നടിയെ ടാഗ് ചെയ്ത് സനൽ കുമാർ ഒന്നിലധികം പോസ്റ്റുകൾ പങ്കുവെക്കുകയും നടിയുടേതാണെന്ന് അവകാശപ്പെട്ട് ഓഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്തതിനെ തുടർന്നാണ് നടി പോലീസിനെ സമീപിച്ചത് . സനൽ കുമാർ അമേരിക്കയിൽ നിന്നാണ് ഈ പോസ്റ്റുകൾ ചെയ്തതെന്നാണ് സൂചന .
സംവിധായകനെതിരെ മുൻപും നടി സമാനമായ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ സനൽകുമാർ അറസ്റ്റിലായിരുന്നു. പ്രണയാഭ്യർത്ഥനകൾ നിരസിച്ചതിനെത്തുടർന്ന് സനൽ കുമാർ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് 2022ൽ നടി പരാതിയിൽ പറഞ്ഞത്.പിന്നീട് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

