ന്യൂ ഡൽഹി: രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതിൽ തന്നെ മുസ്ലിം സമുദായം അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് ഗാർഹിക ഉപഭോഗ ചെലവ് സർവേ പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
2011-12 കാലഘട്ടത്തിൽ രാജ്യത്തെ പത്തിൽ നാല് നാഗരിക മുസ്ലിം ഭവനങ്ങളും ദരിദ്രമായിരുന്നു. എന്നാൽ 2023-24ലെ കണക്ക് പ്രകാരം ഇത് നൂറിൽ ആറിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. മതപരമായും ഭൂമിശാസ്ത്രപരമായുമുള്ള കണക്കുകൾ താരതമ്യം ചെയ്താലും, കഴിഞ്ഞ 12 വർഷക്കാലയളവിൽ രാജ്യത്തെ ദാരിദ്ര്യ നിരക്കിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
2011-12 കാലയളവിലെ 39.4 ശതമാനത്തിൽ നിന്നാണ് രാജ്യത്തെ നാഗരിക മുസ്ലിം ഭവനങ്ങളിലെ ദാരിദ്ര്യ നിരക്ക് 5.7ലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ 12 വർഷം കൊണ്ട് ദാരിദ്ര്യമുക്തരായത് 33.7 ശതമാനം നാഗരിക മുസ്ലീങ്ങളാണെന്ന് കണക്കിൽ പറയുന്നു. 2011ൽ രാജ്യത്തെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ അഞ്ചിൽ രണ്ട് ഭവനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. എന്നാൽ ഇന്ന് അത് പതിനെട്ടിൽ ഒന്ന് മാത്രമാണ്.
ഗാർഹിക ഉപഭോഗ ചെലവ് സർവേ പ്രകാരം, 2011-12 കാലഘട്ടത്തിലെ ഗ്രാമീണ മുസ്ലീം ഭവനങ്ങളിലെ ദാരിദ്ര്യ നിരക്ക് 31.7 ശതമാനമായിരുന്നു. എന്നാൽ ഇന്ന് അത് 2.4 ശതമാനം മാത്രമാണ്. അതേസമയം, ഗ്രാമീണ ഹിന്ദു ഭവനങ്ങളിലെ ദാരിദ്ര്യ നിരക്ക് നിലവിൽ 4 ശതമാനമാണ്. ആകെ ഗ്രാമീണ ശരാശരി ആകട്ടെ 3.9 ശതമാനവും. 2011-12 കാലഘട്ടത്തിൽ ഗ്രാമീണ ഹിന്ദുക്കളെക്കാൾ ദരിദ്രരായിരുന്നു ഗ്രാമീണ മുസ്ലീങ്ങൾ. എന്നാൽ ഇപ്പോൾ, ഹിന്ദുക്കളെക്കാളും ആകെ ശരാശരിയെക്കാളും മികച്ച നിലവാരമാണ് ഗ്രാമീണ മുസ്ലീം ഭവനങ്ങൾ പുലർത്തുന്നതെന്ന് കണക്കുകളെ ആധാരമാക്കി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടിസ്ഥാന ആവശ്യങ്ങളെയും ഗാർഹിക ചിലവിനെയും ആധാരമാക്കി രംഗരാജൻ രേഖ പ്രകാരമാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഒരു നിശ്ചിത ദാരിദ്ര്യ മാനകത്തിന് താഴെ കണക്കാക്കപ്പെടുന്ന ഗാർഹിക ചിലവഴിക്കൽ മാത്രമാണ് ഇതിന് ആധാരം. അസമത്വം, ധനസംഭരണം, തൊഴിൽ നിലവാരം, നേട്ടങ്ങളുടെ ആകെ വിതരണം എന്നിവയൊന്നും ഇതിൽ പരിഗണിക്കപ്പെടുന്നില്ല. ഒരു ഭവനം ഒരു പക്ഷേ ദാരിദ്ര്യ രേഖ മറികടന്നത് നേരിയ വ്യത്യാസത്തിലായിരിക്കാം. വരുമാനം ഉൾപ്പെടെയുള്ളവ വെല്ലുവിളിയാണെന്നും ഈ സർവേയെ തള്ളുന്നവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കഴിഞ്ഞ 12 വർഷത്തിനിടെ, മുസ്ലീം- ഹിന്ദു സമുദായങ്ങളുടെ ജീവിതനിലവാരത്തിൽ കാര്യമായ ഉയർച്ചയുണ്ടായി എന്ന കാര്യത്തിൽ, ഗാർഹിക ഉപഭോഗ ചെലവ് സർവേയുടെ വിമർശകർക്ക് പോലും എതിരഭിപ്രായമില്ല. വിദ്യാഭ്യാസ നിലവാരവും ഇരു സമുദായങ്ങളിലും ഉയരുകയാണ്.

