കൊച്ചി: വിവാദമായ ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകുമെന്ന് സെൻസർ ബോർഡ് . ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് ഇക്കാര്യം അറിയിച്ചത് . കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളുടെ അഭിപ്രായം അറിയിക്കണമെന്ന് ജസ്റ്റിസ് എൻ നാഗരേഷ് ആവശ്യപ്പെട്ടു.
ജാനകി വിദ്യാധരൻ എന്ന കഥാപാത്രത്തിന്റെ ഇനീഷ്യൽ, മുഴുവൻ പേര്, സിനിമയിലെ പേരിനൊപ്പം ചേർത്ത് ‘വി ജാനകി’ അല്ലെങ്കിൽ ‘ജാനകി വി’ ആക്കുക എന്നതാണ് ആദ്യമാറ്റം. രണ്ടാമത്തെ മാറ്റം, സിനിമയിലെ കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്നത് നിശബ്ദമാക്കുക എന്നതാണ്. ഈ മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകുമെന്ന് സെൻസർ ബോർഡ് നേരത്തെ പറഞ്ഞിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകുമെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡാണ് കോടതിയിൽ വ്യക്തമാക്കിയത്.
ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡിന്റെ ആദ്യ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണിത്. വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോസ്മോസ് എന്റർടൈൻമെന്റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന് തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.

