ന്യൂഡൽഹി: ആദായ നികുതിയിൽ ചരിത്രപരമായ പ്രഖ്യാപനവുമായി മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായ നികുതി അടയ്ക്കേണ്ടതില്ല. മധ്യവർഗത്തിന് ആശ്വാസമാകുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവാണ് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാർക്കും ഇനി മുതൽ എൺപതിനായിരം രൂപ വരെ പ്രതിവർഷം ലാഭിക്കാം. പുതിയ ആദായ നികുതി സ്ലാബ് പ്രകാരം, 18 ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് എഴുപതിനായിരം രൂപ വരെയും, 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപ വരെയും ലാഭിക്കാനാകും.
പുതിയ പരിഷ്കാരത്തിലൂടെ, മധ്യവർഗ്ഗത്തിന്റെ കൈകളിലേക്ക് കൂടുതൽ പണം എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ വിപണികൾ കൂടുതൽ ഊർജ്ജസ്വലമാകും. കൂടാതെ, പരിഷ്കരിച്ച ആദായ നികുതി റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കിയിട്ടുണ്ട്. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.