ന്യൂഡൽഹി: രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ മേധാവിയാകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി നിയമിക്കപ്പെട്ട സഞ്ജയ് മൽഹോത്ര. റിസർവ് ബാങ്കിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും പദ്ധതികളുടെ വിജയകരമായ തുടർച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് റിസർവ് ബാങ്കിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കും. സുസ്ഥിര വികസനം മുൻനിർത്തി പൊതുജന താത്പര്യാർത്ഥം തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ആർബിഐ ഗവർണറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ മൽഹോത്ര വ്യക്തമാക്കി.
ബാങ്കിംഗ് മേഖലയിൽ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാനം. അതിനായിട്ടായിരിക്കും തന്റെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകുകയെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് സ്ഥാനമൊഴിഞ്ഞതോടെയാണ് സഞ്ജയ് മൽഹോത്ര ആ പദവിയിലേക്ക് എത്തുന്നത്.