ഓടി പതം വന്ന് പഴകി ഉപയോഗശൂന്യമായ വാഹനം പൊളിച്ച് വിൽക്കാനോ ആക്രിക്കാർക്ക് കൊടുക്കാനോ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. ഓടിക്കാൻ കഴിയാത്ത വാഹനം പൊളിച്ചടുക്കുമ്പോൾ നിയമപരമായി പാലിക്കേണ്ട ചില നടപടിക്രമങ്ങൾ ഉണ്ട്. പലർക്കും ഇവ അറിയില്ല എന്നതാണ് സത്യം.
വാഹനം പൊളിച്ച് വിൽക്കാനോ ആക്രിക്കാർക്ക് കൊടുക്കാനോ തീരുമാനിച്ച് കഴിഞ്ഞാൽ, വാഹനത്തിന്റെ ആർ സി ബുക്കും മറ്റു രേഖകളും ബന്ധപ്പെട്ട ആർ ടി ഓഫീസിൽ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ആർ സി ബുക്ക് ആർ ടി ഓഫീസിൽ സറണ്ടർ ചെയ്തില്ലെങ്കിൽ, പൊളിക്കാൻ വാങ്ങുന്നവർ ഇതേ വാഹനം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ കുടുങ്ങുന്നത് യാഥാർത്ഥ ഉടമ ആയിരിക്കും. ഇത് പിന്നീട് നിയമ പോരാട്ടങ്ങളിലേക്കും നൂലാമാലകളിലേക്കും നീങ്ങുന്നത് മോട്ടോർ വാഹന വകുപ്പിനും പോലീസിനും മറ്റു പല വകുപ്പുകൾക്കും തലവേദന സൃഷ്ടിക്കും.
ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ സമീപകാലത്ത് വാർത്തയായിരുന്നു. ഈ സാഹചര്യത്തിൽ, ആർ സി സറണ്ടർ ചെയ്യാതെ വാഹനങ്ങൾ പൊളിക്കാനോ ആക്രിക്കാർക്കോ വിൽക്കുന്നതിനെതിരെ ബോധവത്കരണത്തിനും തുടർ നടപടികൾക്കും തയ്യാറെടുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.