കേരളത്തിലേക്ക് മെസിയെ കൊണ്ടു വരുമെന്ന വാഗ്ദാനത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് റിപ്പോർട്ട്ർ ചാനൽ എം ഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ. മെസിയുടെ വരവ് അനിശ്ചിതത്വത്തിലായതോടെ ഇതിന്റെ പേരിൽ കലൂർ സ്റ്റേഡിയത്തിൽ ആന്റോ ചെയ്തു വെച്ചിരിക്കുന്നതിന്റെ ഭവിഷ്യത്ത് എന്തൊക്കെയാണെന്ന് വരും ദിവസങ്ങളിലേ പൂർണ്ണമായും വെളിപ്പെടൂ. സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ മരം മുറിച്ചതും ഫ്ലഡ് ലൈറ്റും കസേരകളും ഇളക്കി മാറ്റിയതും മുതൽ വി വി ഐ പി പാസിന്റെ പേരിൽ നടന്ന സാമ്പത്തിക വിവാദങ്ങൾ വരെ മാധ്യമ ചർച്ചകളിൽ സജീവമായിരിക്കുകയാണ്.
എല്ലാം നവംബർ 30ന് ബോദ്ധ്യപ്പെടുമെന്ന് ആന്റോ പറയുമ്പോഴും, നവീകരണത്തിന് സ്പോൺസർമാരെ സ്റ്റേഡിയം ഏൽപ്പിച്ചത് കരാർ ഒപ്പിടാതെയാണെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നിന്നും ഹോം ഗ്രൗണ്ട് മാറ്റാൻ പോകുന്നു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആന്റോയെ വിശ്വസിച്ച് മെസിക്ക് വേണ്ടി കളത്തിലിറങ്ങിയ കായിക മന്ത്രിയാകട്ടെ, മെസി എന്ന് കേൾക്കുമ്പോൾ തന്നെ ഹാലിളകി മാധ്യമങ്ങളോട് തട്ടിക്കയറുകയാണ്.
വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ റിപ്പോർട്ടർ നടത്തിയ പടയൊരുക്കവും ഏശിയില്ല. വർഷങ്ങൾക്ക് മുൻപേ കോടതി തീർപ്പാക്കിയ വിഷയം എന്ന രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണത്തോടൊപ്പം പാർട്ടി ഉറച്ച് നിന്നതോടെ, ചർച്ചകൾ ഇപ്പോഴും ആന്റോയിലും മെസിയിലും തന്നെ തട്ടി നിൽക്കുകയാണ്.
ഈ സാഹചര്യത്തിലാണ്, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ആന്റോയ്ക്ക് സമാനമായ രീതിയിൽ കൈപൊള്ളിയ മറ്റൊരു വിഷയം സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമാകുന്നത്. ആപ്പിളിനും സാംസംഗിനും കേരള ബദൽ എന്ന വ്യാഖ്യാനങ്ങൾക്ക് വഴിമരുന്നിട്ട്, ആന്റോയും സഹോദരൻ ജോസുകുട്ടി അഗസ്റ്റിനും കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന മാംഗോ ഫോണാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ എന്ന പ്രചാരണത്തോടെയായിരുന്നു, 2016ൽ അഗസ്റ്റിൻ സഹോദരന്മാർ മാംഗോ ഫോൺ അവതരിപ്പിച്ചത്. 3500 കോടി രൂപ മുതൽമുടക്കിൽ മലയാളികളുടെ നേതൃത്വത്തിൽ തുടങ്ങിയ മാംഗോ മൊബൈൽ പുറത്തിറങ്ങുന്നു എന്നതായിരുന്നു അന്നത്തെ സംസാര വിഷയം. ഐ ഫോണിനെ വെല്ലാൻ മാംഗോ ഫോൺ അഥവാ എംഫോൺ എന്നായിരുന്നു പ്രചാരണം. ഐ ഫോണിന്റെ മുദ്ര ആപ്പിൾ ആണെങ്കിൽ എം ഫോണിന്റെ മുദ്ര മാങ്ങയായിരുന്നു.
എം ഫോണിൻറെ ആറുമോഡലുകളും സ്മാർട് വാച്ചുമാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനിരുന്നത്. ഓൺൈലനിൽ വിൽപന തുടങ്ങിയിരിക്കുന്ന ഫോൺ വൈകാതെ സംസ്ഥാനത്തെ വിപണികളിലുമെത്തുമെന്നും കമ്പനി പ്രചാരണം നൽകി. ലക്ഷങ്ങൾ പൊടിച്ച് കൊച്ചിയിൽ ഗംഭീരമായ പരിപാടി ആയിട്ടായിരുന്നു എം ഫോണിന്റെ ലോഞ്ചിംഗ് പ്ലാൻ ചെയ്തിരുന്നത്.
11,999 രൂപയുടെ എം ഫോൺ ഫൈവ് എസ് മുതൽ 39,999 രൂപയുടെ എം ഫോൺ 11 പ്ലസ് വരെയുള്ള ആറുമോഡലുകൾ. പുറമേ എം ടു എന്ന സ്മാർട് വാച്ചും കമ്പനി അവതരിപ്പിച്ചു. കൊറിയൻ സാങ്കേതിക വിദ്യയിൽ ചൈനയിലെ ഫാക്ടറിയിലാണ് ഫോൺ നിർമിക്കുന്നതെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. 2016 പകുതിയോടെ ഐ പാഡിനെ വെല്ലാൻ എം പാഡും വിപണിയിലെത്തുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.
അക്കാലത്തെ വില കൂടിയ ഒക്ടാകോർ പ്രോസസർ, 21 മെഗാപിക്സൽ ക്യാമറ, 4 ജിബി റാം, കൊറിയൻ സാങ്കേതികവിദ്യയോടെ ത്രീഡി, 4 ജി കണക്ടിവിറ്റി, ഒരു തവണ ചാർജ് ചെയ്താൽ മൂന്നു ദിവസം നിൽക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംപി ക്യാമറ, എട്ട് എംപി സെൽഫി ക്യാമറ, പൊട്ടാത്ത ഗോറില്ല ഗ്ലാസ്, 32 ജിബി വരെ മെമ്മറി, പ്രത്യേക കണ്ണട വയ്ക്കാതെ തന്നെ ത്രിഡി കാണാനുള്ള സൗകര്യം, വിവിധ സീരിസുകളിലായി വയർലെസ് ചാർജർ ഉള്ള ഫോണുകൾ എന്നിവയും അവകാശവാദങ്ങളായിരുന്നു. കൽപറ്റ മൂങ്ങനാനിയിൽ ആൻറോ അഗസ്റ്റിൻ, റോയി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരായിരുന്നു കമ്പനിയുടെ പ്രൊമോട്ടർമാർ. ഒരു ഫോൺ വാങ്ങുമ്പോൾ അതിനൊപ്പം ബ്ലൂടൂത്ത് ഡിവൈസ്, വയർലെസ് ചാർജർ, പവർ ബാങ്ക്, സെൽഫി സ്റ്റിക്ക് എന്നിവയും ചേർത്താണു ലഭിക്കുക എന്നും പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു.
എംഫോൺ ഇലക്ട്രോണിക്സ് ആന്റ് ടെക്നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഗവേഷണ വികസന കേന്ദ്രം കൊറിയയിലാണ്. ചൈനയിലെ ഷെൻസെനിൽ 700 കോടി മുടക്കി ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. 250 കോടിയോളം ഫോൺ വികസനത്തിനു ചെലവായി. 2500 കോടിയിലേറെയാണ് ആദ്യ ഘട്ടത്തിൽ വിപണനം നടത്താൻ വേണ്ട ഹാൻഡ് സെറ്റുകളുടെ നിർമാണച്ചെലവ് എന്നിങ്ങനെയായിരുന്നു പ്രചാരണം. എം ഫോണിന്റെ ഒന്നാം പേജ് ഫുൾ പരസ്യത്തോടെയായിരുന്നു ലോഞ്ചിംഗ് ദിവസം പ്രമുഖ മുഖ്യധാരാ പത്രങ്ങൾ എല്ലാം തന്നെ പുറത്തിറങ്ങിയത്.
അങ്ങനെ ലോകം കീഴടക്കാൻ പോകുന്ന മലയാളികളുടെ സ്വന്തം എം ഫോൺ ലോഞ്ചിംഗിനായി കാത്തിരുന്നവർ കേട്ടത് മറ്റൊരു വാർത്തയായിരുന്നു. കമ്പനി ഉടമകളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ ലോഞ്ച് ചെയ്യുന്ന ചടങ്ങിന് തൊട്ടുമുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 മാർച്ച് 1നായിരുന്നു അറസ്റ്റ്. അന്ധാളിച്ച് വായും പൊളിച്ച് നിന്ന പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും അമ്പരപ്പ് ശതഗുണീഭവിപ്പിച്ച്, ഇരുവരെയും കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മാർച്ച് 15 വരെ, 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാര്യം അന്വേഷിച്ചവർ വീണ്ടും ഞെട്ടി. ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽ നിന്ന് വ്യാജരേഖയുണ്ടാക്കി രണ്ടരക്കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു നടപടി. 2014 ഡിസംബറിലായിരുന്നു ഇവർ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽനിന്ന് രണ്ട് കോടി 68 ലക്ഷം രൂപ വായ്പയെടുത്തത്. 10 ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കർ സ്ഥലവുമാണ് ഈടു നൽകിയത്. വായ്പ മുടങ്ങിയതോടെ ബാങ്ക് നടത്തിയ അന്വേഷണത്തിൽ, ഈടിനായി നൽകിയ വസ്തുക്കളുടെ രേഖകൾ വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇതോടെ, അധികൃതർ നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
ഇതിന് പിന്നാലെ, അഗസ്റ്റിൻ സഹോദരന്മാർ മംഗലാപുരത്ത് വ്യാജരേഖയുണ്ടാക്കി കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയും പുറത്തുവന്നു. കോസ്റ്റൽ ചിപ്പ് ബോർഡ്സ് ആൻഡ് ലാംസ് എന്ന കമ്പനിയെ വ്യാജ ആധാരമുണ്ടാക്കി കബളിപ്പിച്ചുവെന്നായിരുന്നു കേസ്. ഇവരുടെ ഉടമസ്ഥതയിലുള്ള മംഗലാപുരത്തെ പപ്ലിക്കാട് എസ്റ്റേറ്റിൽ ആറരക്കോടി രൂപ വിലമതിക്കുന്ന സിൽവർ ഓക്ക് മരങ്ങളുണ്ടെന്നും ഇവ വെട്ടിവിൽക്കാനുള്ള അവകാശം നൽകാമെന്നും വിശ്വസിപ്പിച്ച് വ്യാജ ആധാരം കാണിച്ച് കരാറുണ്ടാക്കി എന്നതായിരുന്നു പരാതിയിലെ ഉള്ളടക്കം. പിന്നീട് കോടതി ഇടപെടലിനെത്തുടർന്ന് പ്രതികൾ 75 ലക്ഷം രൂപ മടക്കിക്കൊടുത്തതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഏഷ്യൻ മോട്ടോഴ്സിന്റെ വാഹനങ്ങൾ പണയം വെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും നടത്തിയ 13 കോടിയുടെ തട്ടിപ്പ്, കാനറ ബാങ്കിൽ നടത്തിയ സമാനമായ തട്ടിപ്പ് എന്നിവയും പിന്നാലെ പുറത്തുവന്നു.
അഗസ്റ്റിൻ സഹോദരന്മാരെ രക്ഷിക്കാൻ അന്ന് കൊച്ചിയിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉന്നതങ്ങളിൽ നടത്തിയ ഇടപെടലുകളും വാർത്തയായിരുന്നു. കേസിന്റെ ജാതകം പിന്നീട് പല തലങ്ങളിൽ മാറി മറിഞ്ഞുവെങ്കിലും, അതോടെ ആപ്പിളിനും സാംസംഗിനും ബദലായി ലോകം കീഴടക്കാൻ പോകുന്നുവെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട എം ഫോൺ പിറവിയിലേ ചാപിള്ളയായി. കമ്പനിയുടെ വെബ് സൈറ്റ് ഇപ്പോഴും നിലവിലുണ്ട്. പ്രമുഖ ഇ കൊമേഴ്സ് സൈറ്റുകളിൽ ഫോണുകളുടെ ചിത്രങ്ങളും സവിശേഷതകളും ഇപ്പോഴും ലഭ്യമാണ്. എന്നാൽ വിപണിയിൽ മരുന്നിന് പോലും ഒരെണ്ണം ലഭ്യമല്ല.
റൂട്ട് മാപ്പ് നോക്കിയാൽ മാംഗോ ഫോണിന്റേതിന് സമാനമാണ് കേരളത്തിൽ അർജന്റീന ടീം കളിക്കാൻ വരുന്നു എന്ന തരത്തിൽ കാടിളക്കി നടന്ന പ്രചാരണം. ഒടുവിൽ കാര്യങ്ങൾ എങ്ങും എത്താതെ പോവുകയാണ്. മെസി തട്ടിപ്പിന്റെ ഉള്ളുകള്ളികൾ വരും ദിവസങ്ങളിൽ കൂടുതലായി പുറത്ത് വരും എന്ന് തന്നെയാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

