മധുര ; തിരുപ്പുറകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സ്തംഭത്തിൽ വിളക്ക് തെളിയിച്ചത്. കോടതി നിയോഗിച്ച റിസീവർമാരായ മുൻ ഹൈക്കോടതി ജഢ്ജിമാർ എസ് വൈദ്യനാഥൻ,പി പാർത്ഥിപൻ എന്നിവരാണ് പുരോഹിതരുമായി കൂടിയാലോചിച്ച് വിളക്ക് കൊളുത്താൻ ഉചിതമായ സമയം നിശ്ചയിച്ചത്. 50 ഓളം പേർക്കായിരുന്നു മലമുകളിലേയ്ക്കുള്ള പ്രവേശനം അനുവദിച്ചിരുന്നത്.
ദീപപത്തൂൺ സ്തംഭത്തിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. രാവിലെ മുതൽ മലയടിവാരത്ത് തടിച്ചു കൂടിയ ജനങ്ങൾ മുരുകസ്തുതികൾ ചൊല്ലിയും പടക്കം പൊട്ടിച്ചും ആഘോഷങ്ങളും ആരംഭിച്ചു.പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൺചിരാതുകളും , തിരിയും, നെയ്യുമായാണ് പുരോഹിതരുടെ സംഘം മല കയറിയത്.
ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം കൊപ്പരൈ എന്ന ചെമ്പ് പാത്രം ജഡ്ജിമാരാണ് സ്വീകരിച്ച് വിളക്ക് തെളിയിക്കാനുള്ള പുരോഹിതർക്ക് കൈമാറിയത്. ഈ പാത്രം കൽസ്തംഭത്തിൽ ഉറപ്പിച്ച് വയ്ക്കാനായി താൽക്കാലിക പ്ലാറ്റ്ഫോമും ഒരുക്കിയിരുന്നു. ദീപം തെളിയിക്കുന്നതിനായി 30 ഗ്രാം നെയ്യ്, 50 മീറ്റർ നീളത്തിൽ പരുത്തി തിരി, 5 കിലോ കർപ്പൂരം എന്നിവയാണ് സജ്ജമാക്കിയിരുന്നത്.സി ആർ പി എഫും സർവ്വ സജ്ജമായി നിലയുറപ്പിച്ചിരുന്നു. മധുര ജില്ലാ കലക്ടർ നിശാന്ത് കൃഷ്ണ , ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ , പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

