പാലക്കാട് : ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിലെ ജ്വല്ലറിയിൽ വൻ കവർച്ച . 20 പവനോളമാണ് നഷ്ടമായത് . ഉച്ചയ്ക്ക് മൂന്ന് മണിയോടേയാണ് ഇഷാൻ ജ്വല്ലറിയിൽ ഹിന്ദി സംസാരിക്കുന്ന നാൽവർ സംഘം സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയത്.
കടയുടമ സനാദും ജീവനക്കാരിൽ ചിലരും കടയ്ക്ക് പിന്നിലുള്ള വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്നു. സനാദിന്റെ ഭാര്യ ദിവ്യയും മറ്റൊരു ജീവനക്കാരിയുമാണ് കടയിൽ ഉണ്ടായിരുന്നത്. ഇവരോട് സ്വർണ്ണമാല കാട്ടിത്തരാനാസംഘം ആവശ്യപ്പെട്ടത്. മാലകൾ എടുക്കുന്നതിനിടെ ഒരാൾ തോക്ക് ചൂണ്ടുകയും മറ്റ് രണ്ട് പേർ കത്തി വീശുകയും ചെയ്തു. സ്റ്റൂളും മറ്റും ഉപയോഗിച്ച് ജീവനക്കാരി ഇവരുമായി ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ ഇവർ വെടിയുതിർത്തു. സ്വർണ്ണവും കൈക്കലാക്കി.
സനാദും, മറ്റ് ജീവനക്കാരും എത്തുമ്പോഴേക്കും സംഘം രക്ഷപെട്ടിരുന്നു. തൃശൂർ തിരുവില്വാമലയ്ക്കടുത്തേയ്ക്കാണ് ഇവർ പോയതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

